ശ്രീരാജ്‌ ഓണക്കൂറിനും കെ എസ് സലീഖയ്ക്കും പുരസ്കാരം



തിരുവനന്തപുരം ലോകമയക്കുമരുന്ന് ദിനത്തോടനുബന്ധിച്ച് ആന്റി നർക്കോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ (അനാസി)നൽകുന്ന മാധ്യമശ്രീ പുരസ്കാരത്തിന്‌ ദേശാഭിമാനി കൊച്ചി യൂണിറ്റിലെ റിപ്പോർട്ടർ ശ്രീരാജ്‌ ഓണക്കൂർ അർഹനായി. മാനവവിഭവ വികസന വിഷയങ്ങളിൽ നടത്തിയ -വിലപ്പെട്ട പത്രപ്രവർത്തനത്തിനാണ്‌ അംഗീകാരം. മികച്ച ഭരണപരിഷ്കാരങ്ങളിലൂടെ സ്ത്രീശാക്തീകരണ പരിപാടികൾ ഊർജിതപ്പെടുത്തിയതിനുള്ള സ്ത്രീ ജ്യോതി പുരസ്കാരത്തിന് സംസ്ഥാന വനിതാ വികസന കോർപറേഷൻ അധ്യക്ഷ കെ എസ് സലീഖ അർഹയായി. എം കെ ശ്രീകുമാർ (എക്സൈസ് ഓഫീസർ, ചെങ്ങന്നൂർ)‌, ഡോ. ജിനോ പി വർഗീസ്‌ ( മാർത്തോമ കോളേജ് അധ്യാപകൻ, ചുങ്കത്തറ, മലപ്പുറം), വിഷ്ണുഭക്തൻ (ന്യൂരാജസ്ഥാൻ മാർബിൾസ്, തിരുവനന്തപുരം), ഗഫൂർ കല്ലറ (മുത്തേടത്ത് ഗവ. എച്ച്എസ്എസ് അധ്യാപകൻ, മലപ്പുറം), പന്നിയോട് സുകുമാരൻ വൈദ്യർ (തിരുവനന്തപുരം) എന്നിവരും അവാർഡിന്‌ അർഹരായി. വെങ്കലശില്പവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വിതരണം ചെയ്യും. ശ്രീരാജ്‌ ഓണക്കൂർ എറണാകുളം ഓണക്കൂർ സ്വദേശിയാണ്‌. ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്‌. ഫാസിസത്തിനെതിരെ തൃശൂരിൽ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ ശ്രീരാജ്‌ സംവിധാനം ചെയ്ത ‘സഡൻ ഡെത്ത്’‌ മികച്ച ഹ്രസ്വ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യ: ബി ശാരിക. മകൾ: കീർത്തന ശ്രീരാജ്‌. Read on deshabhimani.com

Related News