ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഓഡിറ്റ് : ഹര്‍ജി വിധി പറയാൻ മാറ്റി സുപ്രീംകോടതി



ന്യൂഡൽഹി ഇരുപത്തഞ്ച്‌ വർഷത്തെ പ്രത്യേക ഓഡിറ്റിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ക്ഷേത്രം ട്രസ്റ്റ്‌, ഭരണസമിതി തുടങ്ങിയ കക്ഷികളുടെ വാദം പൂര്‍ത്തിയായി. പൂജകൾക്കും ആചാരാനുഷ്‌ഠാനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്‌ ക്ഷേത്രഭരണവുമായി ബന്ധമില്ലാത്തതിനാല്‍ ഓഡിറ്റ്‌ പരിധിയിൽ കൊണ്ടുവരേണ്ടതില്ലെന്ന് മുതിർന്ന അഭിഭാഷകൻ അരവിന്ദ്‌ ദത്തർ വാദിച്ചു. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം രൂപീകരിച്ച ക്ഷേത്രംഭരണസമിതിയാണ്‌ ട്രസ്റ്റിനെ ഓഡിറ്റ്‌ പരിധിയിൽ ഉൾപ്പെടുത്തിയതെന്ന്  മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്‌ വിശദീകരിച്ചു. ക്ഷേത്രവും ട്രസ്റ്റും ഓഡിറ്റ് പരിധിയില്‍ ഉൾപ്പെടുത്തണമെന്നാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. 2.8 കോടി പണമായും 1.9 കോടി ആസ്‌തിയായും ട്രസ്റ്റിന്റെ പക്കലുണ്ടെന്നും ചൂണ്ടിക്കാട്ടി. മുൻ സിഎജി വിനോദ്‌ റായ്‌ കോടതി നിർദേശാനുസരണം തുടങ്ങിയ ഓഡിറ്റ്‌ പൂർത്തിയാകാത്തതിനാലാണ്  പ്രത്യേക ഓഡിറ്റിന് ഉത്തരവിട്ടതെന്ന്‌ ജസ്റ്റിസ്‌ യു യു ലളിത്‌ നിരീക്ഷിച്ചു. Read on deshabhimani.com

Related News