ശ്രീനിവാസൻ വധത്തിൽ അഗ്നിരക്ഷാസേനാംഗം അറസ്റ്റിൽ



പാലക്കാട്> ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയകേസിൽ അഗ്നിരക്ഷാസേനാംഗത്തെ അറസ്റ്റ് ചെയ്‌തു. കൊടുവായൂർ നവക്കോട് എ പി സ്ട്രീറ്റിൽ ജിഷാദ് (31) ആണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് നാർകോട്ടിക് സെൽ ഡിവൈഎസ്പി എം അനിൽകുമാർ, സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം എന്നിവർ പറഞ്ഞു. മലപ്പുറത്ത് ജോലിചെയ്യുന്ന ഇയാൾ ജോലി വിന്യാസത്തിന്റെ ഭാഗമായി കുറച്ചുനാളായി കോങ്ങാട് സ്റ്റേഷനിലാണ്. ഇയാളെ ബുധനാഴ്ച തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. നിലവിൽ കസ്റ്റഡിയിലുള്ള പ്രതി അബ്ദുൾ റഹ്മാനുമായി ചൊവ്വാഴ്ച പൊലീസ് തെളിവെടുത്തു. ശ്രീനിവാസനെ കൊലപ്പെടുത്താൻ പുറപ്പെട്ട ജില്ലാ ആശുപത്രി പരിസരത്തെ സ്വകാര്യ പാർക്കിങ് സ്ഥലം, ബൈക്കിൽ സഞ്ചരിച്ച കോർട്ട് റോഡ്, ഹരിക്കാര സ്ട്രീറ്റ്, ബിഒസി റോഡ്, പട്ടിക്കര, വടക്കന്തറ, മാർക്കറ്റ് റോഡ്, മേലാമുറി എന്നിവിടങ്ങളിൽ എത്തിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ പ്രതികൾ സഞ്ചരിച്ച റൂട്ട്മാപ്പ് തയ്യാറാക്കി. അബ്ദുൾ റഹ്മാനെയും കസ്റ്റഡിയിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഫിറോസിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നുദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പിൽ ഇവർ ഉപയോഗിച്ച ബൈക്ക്, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. കൊലയാളിസംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 17പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്. ജോലിക്കിടയിലും ഗൂഢാലോചനയിൽ പങ്കെടുത്തു ശ്രീനിവാസൻ കൊല്ലപ്പെടും മുമ്പ് ആർഎസ്എസ് പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കാൻ ജോലിക്കിടയിലും ജിഷാദ് പങ്കെടുത്തു. സുബൈർ കൊല്ലപ്പെട്ട ദിവസം വൈകീട്ട് നാലോടെ കൊല്ലങ്കോടുള്ള ആർഎസ്എസ് പ്രവർത്തകരുടെ പേരുകൾ ഗൂഢാലോചന സംഘത്തിന് കൈമാറി. പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ജോലിക്കിടയിൽ നിന്ന് അക്രമിസംഘത്തിനൊപ്പം ചേർന്നു. പിറ്റേന്ന് രാവിലെ 10 മണിക്ക് മറ്റൊരു പ്രതിയുമൊത്ത് കൊല്ലങ്കോടുള്ള ആർഎസ്എസ് പ്രവർത്തകനെ തെരഞ്ഞ് പോയി. ഇയാളുടെ സ്ഥാപനം അടഞ്ഞുകിടന്നതിനാൽ തിരികെ വന്നു. അപ്പോഴേക്കും ശ്രീനിവാസന്റെ പേര് കൊലയാളിസംഘം തയ്യാറാക്കി. 2017 ബാച്ചിൽ സർവീസിൽ കയറിയ ജിഷാദ് 2008 മുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. ജില്ലാ സംസ്ഥാന നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേതാക്കൾക്ക് പുറത്ത് നിന്നുള്ള വിവരങ്ങൾ എത്തിച്ചു നൽകുന്നതാണ് ഇയാളുടെ സംഘടനാ പ്രവർത്തനം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതോടെ ഇയാളെ സർവീസ് നിന്ന് സസ്‌പെൻഡ് ചെയ്‌തേക്കും. നവംബർ 15 കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ വധത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. Read on deshabhimani.com

Related News