ഊർജമായത്‌ സംസ്ഥാന‐ജില്ലാ ചേരിതിരിവ്‌; നീറിപ്പുകഞ്ഞ്‌ അവസാനം പിളർപ്പ്: തളിപ്പറമ്പ്‌ ലീഗിൽ സംഭവിച്ചത്‌



തളിപ്പറമ്പ്‌ > വർഷങ്ങളായി തളിപ്പറമ്പിലെ  മുസ്ലിംലീഗിൽ നീറിപ്പുകയുന്ന  പ്രശ്‌നം ഒടുവിൽ പിളർപ്പിൽ കലാശിച്ചു. സംസ്ഥാന‐ജില്ലാതലത്തിലെ  ചേരിതിരിവും പിളർപ്പിന്‌ ഊർജം പകർന്നു. പി കെ കുഞ്ഞാലിക്കുട്ടിയെും ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൾ കരീം ചേലേരിയെയും പിന്തുണയ്‌ക്കുന്നവരാണ്‌ പിളർപ്പ്‌  പ്രഖ്യാപിച്ച്‌ വാർത്താസമ്മേളനം നടത്തിയത്‌. ഔദ്യോഗിക വിഭാഗം സംസ്ഥാന സെക്രട്ടറി കെ എം ഷാജി, ജില്ലാ പ്രസിഡന്റ്‌ പി കുഞ്ഞിമുഹമ്മദ്‌,  യൂത്ത്‌ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ സുബൈർ എന്നിവരോട്‌ കൂറുപുലർത്തുന്നവരാണ്‌. കാൽനൂറ്റാണ്ടായി ലീഗിൽ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവരാണ്‌ സമാന്തര കമ്മിറ്റിയുടെ തലപ്പത്ത്‌. തളിപ്പറമ്പ്‌ നഗരസഭ മുൻ ചെയർമാൻ മഹമ്മൂദ്‌ അള്ളാംകുളമാണ്‌ നേതൃത്വം നൽകുന്നത്‌. പി കുഞ്ഞിമുഹമ്മദും പി കെ സുബൈറുമാണ്‌ തളിപ്പറമ്പിലെ വിമത പ്രവർത്തനത്തിന്‌  കാരണക്കാരെന്ന്‌ ഇവർ ആരോപിക്കുന്നു. വർഷങ്ങളായി തുടരുന്ന  സംഘടനാപ്രശ്‌നങ്ങൾ പരിഹരിക്കാൻ  ലീഗ്  ജില്ലാ കമ്മിറ്റി മൂന്നുദിവസം തളിപ്പറമ്പിൽ കേന്ദ്രീകരിച്ച്‌  വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന 135 പേരെ  നേരിൽ കണ്ട്  തെളിവെടുപ്പ്  നടത്തിയിരുന്നു.  പ്രശ്‌നങ്ങൾക്ക്‌ കാരണം മുനിസിപ്പൽ കമ്മിറ്റിയാണെന്ന് കണ്ടെത്തി. സംഘടനാ പ്രശ്‌ന‌ങ്ങൾക്ക്‌ പുറമെ  മഹല്ല്, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളിലെ പരാതികളും പാർടിയെ അലട്ടുന്നതായി ജില്ലാ കമ്മിറ്റി  വിലയിരുത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  വി കെ അബ്‌ദുൾ ഖാദർ മൗലവി, സെക്രട്ടറി അബ്‌ദുറഹ്മാൻ കല്ലായി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തളിപ്പറമ്പ്‌ മുനിസിപ്പൽ കമ്മിറ്റിയെ മരവിപ്പിച്ചു. സമവായത്തിലൂടെ ഇരു വിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി കമ്മിറ്റി രൂപീകരിക്കാനും  തീരുമാനിച്ചു. എന്നാൽ  കഴിഞ്ഞദിവസം ജില്ലാ ഭാരവാഹി യോഗത്തിൽ ഇരച്ചുകയറിയവരുടെ ഭീഷണിക്കു വഴങ്ങിയ ജില്ലാ പ്രസിഡന്റ്‌ പി കുഞ്ഞിമുഹമ്മദ്‌ കമ്മിറ്റി പുനരുജ്ജീവിപ്പിച്ചതായി എഴുതി നൽകി. ഇതാണ്‌ വിമതനേതാക്കളെ പ്രകോപിപ്പിച്ചത്‌. പി കുഞ്ഞിമുഹമ്മദിന്റെയും കെ പി താഹിറിന്റെയും പി കെ സുബൈറിന്റെയും നേതൃത്വത്തിലുള്ള മാഫിയാ കോക്കസാണ് തളിപ്പറമ്പ് ലീഗിലെ പ്രശ്‌നങ്ങൾ വഷളാക്കിയതെന്ന്‌ സമാന്തര കമ്മിറ്റി ഭാരവാഹികൾ പറയുന്നു.   Read on deshabhimani.com

Related News