മിശ്രവിവാഹവും രജിസ്‌റ്റർ ചെയ്യാം ; ഉത്തരവ്‌ ഉടൻ ; യുഡിഎഫ്‌ സർക്കാരിന്റെ തെറ്റു തിരുത്തി എൽഡിഎഫ്‌ സർക്കാർ



തിരുവനന്തപുരം   മിശ്രവിവാഹിതർക്കും ഇനി തദ്ദേശ ഭരണസ്ഥാപനങ്ങളിൽ രജിസ്‌റ്റർ ചെയ്യാം. ഗസറ്റഡ്‌ ഓഫീസർ, എംപി, എംഎൽഎ, തദ്ദേശഭരണ അംഗം എന്നിവരിലാരുടെയെങ്കിലും സാക്ഷ്യപത്രമുണ്ടെങ്കിൽ മിശ്രവിവാഹം രജിസ്‌റ്റർ ചെയ്യാനാവും. ഇതിനായി തദ്ദേശഭരണ വകുപ്പിന്റെ  ഉത്തരവ്‌ അടുത്ത ദിവസം ഇറങ്ങും. മുമ്പുണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കാനുള്ള എൽഡിഎഫ്‌ സർക്കാർ തീരുമാനം മിശ്രവിവാഹിതർക്ക്‌ ആശ്വാസമാകും. സുപ്രീംകോടതിയുടെ 2006ലെ വിധി പ്രകാരമാണ്‌ വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്‌. പഞ്ചായത്തുകളിൽ സെക്രട്ടറിയും നഗരസഭകളിൽ ഹെൽത്ത്‌ ഓഫീസറുമാണ്‌ രജിസ്‌ട്രേഷൻ ഓഫീസർ. സ്‌ത്രീക്ക്‌ 18 ഉം പുരുഷന്‌  21 വയസ്സും തികയണം. വിവാഹരജിസ്‌ട്രേഷന്‌ 2008ൽ എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ചട്ടത്തിൽ മിശ്രവിവാഹിതർക്കും അനുമതിയുണ്ടായിരുന്നു. 2015ൽ യുഡിഎഫ്‌ സർക്കാർ ചട്ടഭേദഗതിയിലൂടെ അനുമതി ഒഴിവാക്കി. അതോടൊപ്പം 18 തികയാത്ത പെൺകുട്ടികളുടെ വിവാഹവും രജിസ്‌റ്റർ ചെയ്യാൻ അനുമതി നൽകി. വൻ വിവാദമായതോടെ ഉത്തരവ്‌ പിൻവലിച്ച്‌ പകരം രജിസ്‌ട്രേഷന്‌ മതമേലധ്യക്ഷൻ, സബ്‌ രജിസ്‌ട്രാർ തുടങ്ങിയവരുടെ സാക്ഷ്യപത്രം നിർബന്ധമാക്കി.  മിശ്രവിവാഹം ഇല്ലാതാക്കലായിരുന്നു യുഡിഎഫ്‌ ലക്ഷ്യം. ഇതാണ്‌ വീണ്ടും എൽഡിഎഫ്‌ സർക്കാർ തിരുത്തുന്നത്‌. തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദന്റെ നിർദേശപ്രകാരമാണ്‌ മിശ്രവിവാഹിതർക്ക്‌ അനുകൂലമായ നിലയിൽ ഉത്തരവ്‌ പുനഃസ്ഥാപിക്കുന്നത്‌. രജിസ്ട്രേഷൻ ഇങ്ങനെ ● മതപരമായ വിവാഹം–- മത  സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം. ● സ്‌പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരം –- സബ്‌ രജിസ്‌ട്രാറുടെ സാക്ഷ്യപത്രം ● മിശ്ര വിവാഹം –- ഗസറ്റഡ്‌ ഓഫീസർ, എംപി, എംഎൽഎ, തദ്ദേശ ഭരണസ്ഥാപന അംഗത്തിന്റെ സാക്ഷ്യപത്രം.   Read on deshabhimani.com

Related News