സ്പെഷ്യൽ മാര്യേജ് ആക്ട്: 30 ദിവസത്തെ നോട്ടീസ് വേണോയെന്ന്‌ കോടതി



കൊച്ചി സ്പെഷ്യൽ മാര്യേജ് ആക്ടുപ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണ്ടതുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ ഹൈക്കോടതി. വിവാഹത്തിന്‌ 30 ദിവസത്തെ നോട്ടീസ് കാലയളവിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട്‌ എറണാകുളം സ്വദേശികളായ ബിജി പോൾ, ജോയ്സി ജോസഫ് എന്നിവർ നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ്‌ വി ജി അരുണിന്റെ  ഉത്തരവ്.  വിദേശത്ത്‌ ജോലി ചെയ്യുന്നവർ കുറഞ്ഞദിവസത്തെ അവധിക്കാണ്‌ നാട്ടിലെത്തുന്നത്‌. ഇതിനിടെയാണ്‌ പലരുടെയും വിവാഹം നടക്കുന്നത്‌. എന്നാൽ, വിവാഹം കഴിക്കാൻ നോട്ടീസ് കാലയളവ് തീരാൻ കാത്തിരിക്കേണ്ട സ്ഥിതിയാണ്‌. വിവര, വിജഞാന, സാമൂഹികതലങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായകാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്റെ ആവശ്യമുണ്ടോയെന്ന് നിയമനിർമാതാക്കൾ പരിശോധിക്കണമെന്നാണ്‌ കോടതിയുടെ നിർദേശം. സ്പെഷ്യൽ മാര്യേജ് ആക്ടുപ്രകാരം വിവാഹത്തിന്‌ നോട്ടീസ് നൽകുന്നതിനുമുമ്പ് കക്ഷികളിലൊരാൾ വിവാഹ ഓഫീസറുടെ പരിധിയിൽ 30 ദിവസം താമസിച്ചിരിക്കണമെന്നാണ്‌ വ്യവസ്ഥ. ഇതിനുശേഷം 30 ദിവസംകൂടി കഴിഞ്ഞാണ്‌ വിവാഹം രജിസ്റ്റർ ചെയ്യുക. ഈ വ്യവസ്ഥ  ഭരണഘടനാവിരുദ്ധമാണെന്നും നിർദേശരൂപത്തിലുള്ള വ്യവസ്ഥകൾപാലിക്കണമെന്ന് നിർബന്ധമില്ലാത്തതാണെന്നുമാണ്‌ ഹർജിക്കാരുടെ വാദം. വിദേശത്തേക്ക് മടങ്ങേണ്ടതിനാൽ 30 ദിവസത്തെ നോട്ടീസ് കാലയളവിൽ ഇളവ് നൽകി ഇടക്കാല ഉത്തരവിറക്കണമെന്ന്‌ ഹർജിക്കാർ ആവശ്യപ്പെട്ടു.   വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ബോധ്യമാകാത്തതിനാൽ ഇടക്കാല ഉത്തരവിടാനാകില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര, -സംസ്ഥാന സർക്കാരുകളോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു. Read on deshabhimani.com

Related News