അപകീർത്തി വീഡിയോ: യുട്യൂബർക്കെതിരെ ജാമ്യമില്ലാ കേസ്‌



കൊച്ചി ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ്‌ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ട്രൂ ടിവി യുട്യൂബ്‌ ചാനൽ എംഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. എറണാകുളം സൗത്ത്‌ പൊലീസാണ്‌ പാലാ കടനാട്‌ സ്വദേശി സൂരജ്‌ പാലാക്കാരൻ എന്ന സൂരജ്‌ വി സുകുമാറിനെതിരെ കേസെടുത്തത്‌. യുവതി എറണാകുളം സൗത്ത്‌ പൊലീസിന്‌ നൽകിയ പരാതിയിലാണ്‌ കേസ്‌. ഒളിവിലുള്ള ഇയാൾക്കായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു. സൂരജിനെ അന്വേഷിച്ച്‌ പൊലീസ്‌ പാലായിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. പട്ടികജാതി–-വർഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്‌ കേസെടുത്തതെന്ന്‌ സൗത്ത്‌ എസിപി  പി രാജ്‌കുമാർ പറഞ്ഞു. ജൂൺ ഇരുപത്തൊന്നിനാണ്‌ ഇയാൾ യുട്യൂബ്‌ ചാനലിൽ യുവതിയെ പരസ്യമായി അപമാനിക്കുന്ന പരാമർശങ്ങളുള്ള വീഡിയോ അപ്‌ലോഡ്‌ ചെയ്‌തത്‌. നാലുലക്ഷത്തിലധികംപേർ വീഡിയോ കണ്ടിരുന്നു. ക്രൈം നന്ദകുമാറിനെതിരെ കെട്ടിച്ചമച്ച കേസാണ്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌തതെന്നും വീഡിയോയിൽ ആരോപിച്ചു. ജാമ്യമില്ലാ വകുപ്പുകൾപ്രകാരം നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ് ജൂൺ 17ന്‌ അറസ്റ്റ്‌ ചെയ്‌തതിനുപിന്നാലെയാണ് ഇയാൾ യുവതിയെ മോശമായി ചിത്രീകരിച്ചത്. നന്ദകുമാർ റിമാൻഡിലാണ്‌. Read on deshabhimani.com

Related News