തെളിവുകള്‍ പരിഗണിച്ചില്ല ; അപകീര്‍ത്തിക്കേസില്‍ അപ്പീല്‍ പോകും: വി എസ്



  തിരുവനന്തപുരം സോളാർ അഴിമതിയിൽ ഉമ്മൻചാണ്ടിയുടെ പങ്കുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ സബ്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് വി എസ് അച്യുതാനന്ദന്റെ ഓഫീസ് അറിയിച്ചു. കേസിൽ താൻ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ ഒരു രേഖയും ഉമ്മൻചാണ്ടി ഹാജരാക്കിയിട്ടില്ല. എന്നാൽ, ഉമ്മൻചാണ്ടിയുടെ പങ്കുതെളിയിക്കുന്ന ജസ്റ്റിസ് ശിവരാജൻ കമീഷന്റെ റിപ്പോർട്ടും ഇത്‌ അംഗീകരിച്ച്‌ സർക്കാർ അദ്ദേഹത്തിനെതിരെ എടുത്ത നടപടി റിപ്പോർട്ടും ഹാജരാക്കിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ്‌ വിധി. തന്റെ പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമീഷൻ റിപ്പോർട്ട് ചോദ്യംചെയ്‌ത ഉമ്മൻചാണ്ടിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കമീഷന്റെ കണ്ടെത്തലുകൾ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നത് പൊതുപ്രവർത്തകനും പ്രതിപക്ഷ നേതാവും എന്ന നിലയിലെ കർത്തവ്യബോധം മുൻനിർത്തിയാണ്‌. ഇത്‌  അപ്പീൽകോടതി വിലയിരുത്തുമെന്ന ഉറപ്പുണ്ടെന്നും വി എസിന്റെ ഓഫീസ്‌ വാർത്താക്കുറുപ്പിൽ‌ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരിക്കെ ഒരു ചാനലിന്‌ വി എസ്‌ നൽകിയ അഭിമുഖത്തിന്റെ പേരിലാണ്‌ ഉമ്മൻചാണ്ടി അപകീർത്തിക്കേസ്‌ നൽകിയത്‌.   Read on deshabhimani.com

Related News