ശോഭാ സുരേന്ദ്രനെയും കണ്ണന്താനത്തെയും ഒഴിവാക്കി ബിജെപി; ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചു



ന്യൂഡൽഹി ബിജെപി ദേശീയ നിർവാഹകസമിതിയിൽനിന്ന്‌ ഒ രാജഗോപാൽ, ശോഭ സുരേന്ദ്രൻ, അൽഫോൺസ്‌ കണ്ണന്താനം എന്നിവരെ ഒഴിവാക്കി. പി കെ കൃഷ്‌ണദാസിനെ പ്രത്യേക ക്ഷണിതാവാക്കി തരംതാഴ്‌ത്തി. ഇ ശ്രീധരനെ  പ്രത്യേക ക്ഷണിതാവാക്കി. കേന്ദ്രമന്ത്രി വി മുരളീധരനും കുമ്മനം രാജശേഖരനും നിർവാഹകസമിതിയിൽ തുടരും. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എക്‌സ്‌ ഒഫിഷ്യോ അംഗമാണ്‌. എതിർവിഭാഗത്തിനെതിരെ പരാതിപ്പെട്ട ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വവും കൈവിട്ടു. ഇതോടെ ദേശീയസമിതിയിലും വി മുരളീധരപക്ഷം കൃഷ്‌ണദാസ്‌പക്ഷത്തിനുമേൽ വിജയം നേടി. കുഴൽപണ തട്ടിപ്പ്‌ അടക്കം ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിട്ടും  മുരളീധരൻ –-സുരേന്ദ്രൻ പക്ഷത്തെ ദേശീയ നേതൃത്വം പിന്തുണയ്‌ക്കുകയാണ്‌. കണ്ണന്താനത്തിൽനിന്ന്‌ ഉദ്ദേശിച്ച പ്രയോജനം ലഭിച്ചില്ലെന്നാണ്‌  വിലയിരുത്തൽ. കോൺഗ്രസ്‌ വിട്ടുവന്ന ജ്യോതിരാദിത്യ സിന്ധ്യയെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ വരുൺഗാന്ധിയും മനേക ഗാന്ധിയും സമിതിയിൽനിന്ന്‌ പുറത്തായി.  ആദ്യകാല നേതാക്കളായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും നിർവാഹകസമിതിയിൽ നിലനിർത്തി. 80 അംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും(എക്‌സ്‌ ഒഫിഷ്യോ) അടങ്ങുന്നതാണ്‌ നിർവാഹകസമിതി. Read on deshabhimani.com

Related News