സംസ്ഥാനത്ത്‌ 153 അങ്കണവാടികൂടി സ്മാർട്ടാകും : വീണ ജോർജ്‌



തിരുവനന്തപുരം ഈ സാമ്പത്തികവർഷം സംസ്ഥാനത്ത്‌ 153 സ്മാർട്ട് അങ്കണവാടി പൂർത്തിയാക്കണമെന്ന്‌ വനിതാ ശിശുവികസനമന്ത്രി വീണ ജോർജ്‌ നിർദേശിച്ചു. അങ്കണവാടികളുടെ സമ്പൂർണ വൈദ്യുതിവൽക്കരണവും എത്രയുംവേഗം പൂർത്തിയാക്കണം. വനിതാ ശിശുവികസനവകുപ്പ് കഴിഞ്ഞ സാമ്പത്തികവർഷം നടപ്പാക്കിയ പദ്ധതികൾ സംബന്ധിച്ച്‌ ജില്ലാതല ഓഫീസർമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലെയും വനിതാ ശിശുവികസനവകുപ്പ് ഓഫീസുകൾ  സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം. നല്ല പെരുമാറ്റമാകണം ഓഫീസിൽനിന്ന്‌ ലഭിക്കേണ്ടത്‌. ഏറ്റവും ശ്രദ്ധയും കരുതലും ഉണ്ടാകേണ്ട വകുപ്പാണ് ഇത്‌. പരാതി പറയാനെത്തുന്നവരെ  ഉൾക്കൊള്ളാനാകണം. പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സൂക്ഷിക്കണം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ശേഖരിക്കുന്ന ഈ വിവരങ്ങൾ ഓരോ മാസവും അവലോകനം ചെയ്യണം. സംസ്ഥാന വനിതാ ശിശുവികസനവകുപ്പിനു കീഴിലുള്ള ഫയലുകൾ ഒക്‌ടോബർ പത്തിനകം തീർപ്പാക്കണം. ഫയൽ തീർപ്പാക്കാനുള്ള തടസ്സം കൃത്യമായി അറിയിക്കണം. പ്രവർത്തനങ്ങൾ ജില്ലാതലത്തിലും വകുപ്പുതലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഓരോ മാസവും അവലോകനം നടത്തണമെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശുവികസനവകുപ്പ് ഡയറക്ടർ ജി പ്രിയങ്ക, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് തുടങ്ങി വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News