ഫാം കയറി മോഷണം പതിവാക്കി; ആറംഗ സംഘം പിടിയില്‍



തിരുവനന്തപുരം> വിളപ്പില്‍ശാല വാളക്കോട് ജസ്റ്റിന്‍ ബ്രിഷ്‌സിംഗിന്‍റെ ഫാംഹൗസില്‍ മോഷണം നടത്തിയ ആറ് പേരെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്‌തു. പെരുംകുളം കട്ടയ്ക്കോട് പൂഞ്ഞാംകോട് വടക്കുംകര ശാലുഭവനില്‍ ഷാലു (32), കുളത്തുമ്മല്‍ കട്ടയ്ക്കോട് മുഴുവന്‍കോട് വാളക്കോട് ചരുവിള പുത്തന്‍ വീട്ടില്‍ രാജേഷ് (37), മലപ്പനംകോട് അഞ്ജുഭവനില്‍ അനില്‍കുമാര്‍ (52), പനയംകോട് വാളക്കോട് വട്ടവിള വീട്ടില്‍ സുരേഷ് (29), വാളക്കോട് വട്ടവിള പുത്തന്‍ വീട്ടില്‍ സന്തു (35), കട്ടയ്ക്കോട് കിഴക്കരികത്തു വീട്ടില്‍ ജോണി (33) എന്നിവരാണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പല തവണകളായി ഫാം ഹൗസിന്‍റെ പൂട്ട് പൊളിച്ച് പ്രതികള്‍ മോഷണം നടത്തുകയായിരുന്നു. ഫാം ഹൗസിന്‍റെ പൂട്ടുപൊളിച്ച് അകത്തു കടന്ന പ്രതികള്‍ രണ്ട് മോട്ടോറുകള്‍, 23 ഇരുമ്പ് വാതിലുകള്‍, വേലി കെട്ടാന്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍, ജി.ഐ ഷീറ്റുകള്‍, എട്ട് സി സി ടി വി കാമറകള്‍, തടികള്‍ എന്നിവയാണ് മോഷണം നടത്തിയത്. മോഷണ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ വിളപ്പില്‍ശാല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ്‌കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. Read on deshabhimani.com

Related News