അന്ധവിശ്വാസം കുത്തിനിറച്ച്‌ 
ചിന്താശേഷി ഇല്ലാതാക്കുന്നു: യെച്ചൂരി

ബാലസംഘത്തിന്റെ പ്രഥമ ദേശീയ ശിൽപ്പശാല സീതാറാം യെച്ചൂരി 
ഉദ്‌ഘാടനം ചെ‍‍യ്യുന്നു.


തിരുവനന്തപുരം കുട്ടികളുടെ മനസ്സിൽ അന്ധവിശ്വാസം കുത്തിനിറച്ച്‌ അവരുടെ ചിന്താശേഷി ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരം ഇ എം എസ് അക്കാദമിയിൽ ബാലസംഘം അഖിലേന്ത്യ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ കുട്ടികൾക്ക്‌ ഉത്തരവാദിത്വമുണ്ട്‌.  വാല്‌മീകി പറഞ്ഞ രാമായണകഥയിലെ കഥാപാത്രങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് ഇപ്പോൾ. അതിനെ യുക്തിചിന്തയുപയോഗിച്ച്‌ എതിർക്കണം. ഗണേശശാപമാണ്‌ ചന്ദ്രന്റെ രൂപമാറ്റത്തിന്‌ കാരണമെന്നാണ്‌ മറ്റൊരു കഥ. ലോകത്തെ മാറ്റങ്ങളും വികാസങ്ങളും കാണുന്ന വിദ്യാർഥികൾ ഇതിന്റെ ശാസ്ത്രീയ കാരണം അന്വേഷിക്കണം. ഇത്‌ മതത്തിനെതിരല്ല, മറിച്ച്‌ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരാണ്‌. ജനങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാനാണ്‌ വർഗീയശക്തികൾ ശ്രമിക്കുന്നത്‌. തൊഴിലില്ലായ്‌മ,  ദാരിദ്ര്യമടക്കമുള്ളവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇതിലൂടെ ഇല്ലാതാകുമെന്നാണ്‌ അവർ കരുതുന്നത്‌. നാനാത്വവും ബഹുസ്വരതയും ആഘോഷിക്കുന്ന രാജ്യമാണ്‌ നമ്മുടേത്‌.  ഭാഷ, സംസ്‌കാരം, ആചാരം എന്നിവയിൽ മാത്രമല്ല, മതത്തിലും  ഈ നാനാത്വം കാണാനാകും.   മദ്രാസിലെ ജനറൽ ആശുപത്രിയിൽ തെലുങ്ക്‌ അച്ഛനമ്മമാരുടെ മകനായാണ്‌ താൻ പിറന്നത്‌. ഹൈദരാബാദിലും ഡൽഹിയിലുമായിരുന്നു വിദ്യാഭ്യാസം. രാജ്യസഭാംഗമായത്‌ ബാംഗാളിൽനിന്നാണ്‌. സൂഫി പാരമ്പര്യമുള്ള കിഴക്കൻ യുപിയിലെ അച്ഛന്റെയും മൈസൂർ രാജ്‌പുത്‌ അമ്മയുടെയും മകളെയാണ്‌ താൻ വിവാഹം ചെയ്‌തത്‌. തന്റെ കുട്ടിയുടെ വ്യക്തിത്വം എന്തായിരിക്കണം? ഭാരതീയൻ എന്നതു മാത്രമാണ്‌ അതെന്നും യെച്ചൂരി പറഞ്ഞു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി. Read on deshabhimani.com

Related News