മുൻകൂർ അനുമതിയില്ല; സിസയ്‌ക്ക് കാരണംകാണിക്കൽ നോട്ടീസ്



തിരുവനന്തപുരം> സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്ത ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടിയിലേക്ക്. മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ മറ്റൊരു തൊഴിലോ വ്യവസായമോ ഏറ്റെടുക്കരുതെന്ന സർക്കാർ ജീവനക്കാർക്കുള്ള ചട്ടത്തിന്റെ 48-ാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നുണ്ട്. സിസയുടെ നടപടി ചട്ടലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം വിശദീകരണം നൽകണം. ​​ചാൻസലറായ ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നിർദേശത്തിൽ സാങ്കേതിക വി​ദ്യാഭ്യാസവകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെയാണ്‌ നവംബറിൽ സിസ വിസി ചുമതലയേറ്റെടുത്തത്.   സുപ്രീംകോടതി വിധി മാനിച്ച് ഡോ. എം എസ് രാജശ്രീ വിസി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് ​ഗവർണർ ഏകപക്ഷീയമായി ​സിസയെ നിയമിക്കുകയായിരുന്നു. സർവകലാശാല ചട്ടമനുസരിച്ച് സർക്കാർ നിർദേശിച്ച ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെയും ഡിജിറ്റൽ സർവകലാശാല വിസിയുടെ പേരുകൾ വെട്ടിയായിരുന്നു സിസയുടെ നിയമനം. ​ഗവർണറുടെ നടപടി തെറ്റാണെന്ന്‌ ഹൈക്കോടതി വിധിച്ചെങ്കിലും വിസി സ്ഥാനത്തുനിന്ന് ഒഴിയാൻ  തയ്യാറായിരുന്നില്ല. നിലവിൽ ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ്‌ കോളേജിലെ പ്രിൻസിപ്പലായ സിസ 31ന് വിരമിക്കും. Read on deshabhimani.com

Related News