സിൽവർ ലൈൻ പഠനങ്ങൾ പൂർത്തിയാകുന്നു



തിരുവനന്തപുരം> സിൽവർ ലൈൻ പദ്ധതിക്കുവേണ്ടിയുള്ള വിവിധ പഠനങ്ങൾ പൂർത്തിയാകുന്നു. റിപ്പോർട്ടുകൾ ഏജൻസികൾ ഉടൻ കെ–- റെയിലിന്‌ കൈമാറും. റെയിൽ  മന്ത്രാലയത്തിനു കീഴിലെ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ്‌ ഇക്കണോമിക്‌ സർവീസസ് പ്രൈവറ്റ്‌ ലിമിറ്റഡാ (റൈറ്റ്‌സ്)ണ്‌ ഹൈഡ്രോളജിക്കൽ പഠനംനടത്തിയത്‌. ലൈൻ കടന്നുപോകുന്ന മേഖലകളിൽ മഴയുമായ ബന്ധപ്പെട്ട വിവരശേഖരണമായിരുന്നു പഠിച്ചത്‌. 100 കൊല്ലത്തിൽ പെയ്‌ത മഴ, ഏറ്റവുമുയർന്ന അളവ്‌ തുടങ്ങിയവ രേഖയാക്കി.  പരിസ്ഥിതി ആഘാതപഠനം ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റും നടത്തി. വായുമലിനീകരണ സാധ്യതയടക്കം പഠിച്ചു. അറുനൂറോളം ഇടങ്ങളിൽ സിൽവർ ലൈൻ റോഡ്‌ മുറിച്ചുപോകും. ഇവിടെയെല്ലാം മേൽപ്പാലമോ ‌അടിപ്പാതയോ നിർമിക്കാനുള്ള എൻജിനിയറിങ്‌ രേഖകൾ തയ്യാറാക്കുന്നു. ‌ഭൂമി ഏറ്റെടുക്കലിന്റെ വിവരശേഖരണവും നിർമിതികളുടെ രേഖാചിത്ര‌ റിപ്പോർട്ടുകളും ഒരുക്കുന്നു.  തീരദേശ പരിപാലന മേഖലയിലും പഠനം പൂർത്തിയാകുന്നു. കണ്ടൽക്കാട്‌ പരിപാലനത്തിനുള്ള പദ്ധതി തയ്യാറാക്കലും അവസാനഘട്ടത്തിലാണ്‌. പുനർവിജ്ഞാപനം വന്നാലുടൻ സാമൂഹ്യാഘാത വിലയിരുത്തൽ പഠനം പുനരാരംഭിക്കാൻ തയ്യാറെടുപ്പുനടത്തി. പുനർവിജ്ഞാപന നടപടി സർക്കാർ തത്വത്തിൽ അംഗീകരിച്ചു‌. സാമൂഹ്യാഘാത പഠനത്തിന്‌ ജിയോ ടാഗിങുൾപ്പെടെ ഉപയോഗിച്ച്‌ വീടുകൾ, മരങ്ങൾ, മതിലുകൾ മുതലായ ഇടങ്ങളിൽ അതിർത്തിനിർണയം നടത്തും. റെയിൽവേ ബോർഡ്‌ അനുമതിക്കുള്ള നടപടികൾ പദ്ധതിക്ക്‌ റെയിൽവേ ബോർഡിന്റെ അനുമതിക്ക്‌ ആവശ്യമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞവർഷം ജൂണിൽ സമർപ്പിച്ച വിശദ പദ്ധതിരേഖ  ബോർഡിന്റെ പരിഗണനയിലാണ്‌. ഇതിൽ  റെയിൽവേക്ക്‌ വിട്ടുനൽകിയ ഭൂമി സിൽവർ ലൈനിന്‌ ഉപയോഗിച്ചാൽ തുടർപ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന സംശയമുണ്ടായിരുന്നു.  പരമാവധി ഭൂവിനിയോഗം കുറച്ചാണ്‌ പദ്ധതി വിഭാവനം ചെയ്‌തതെന്ന്‌ കെ–- റെയിൽ വിശദീകരിച്ചിട്ടുണ്ട്‌. അനുമതിയായാൽ ടെൻഡറിലേക്ക്‌ കടക്കാനുള്ള രേഖകളും തയ്യാറാക്കുന്നു. നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്‌ ലക്ഷ്യം. എങ്കിൽ അഞ്ചുവർഷത്തിൽ പദ്ധതി പൂർത്തിയാകും. അഞ്ചു റീച്ചായി തിരിച്ച്‌, എൻജിനിയറിങ്‌, പ്രൊക്വയർമെന്റ്‌, കൺസ്‌ട്രക്‌ഷൻ (ഇപിസി) തലത്തിലാകും കരാർ നൽകുക. ഇതിലൂടെ പദ്ധതിനടത്തിപ്പിൽ വേഗതയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്താനാകും. Read on deshabhimani.com

Related News