സിൽവർ ലൈൻ : വിദേശവായ്‌പ 
4 ബാങ്കിൽനിന്ന്‌ ; റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങളെല്ലാം കൈമാറി



തിരുവനന്തപുരം സിൽവർ ലൈൻ പദ്ധതിക്ക്‌ വിദേശവായ്‌പ തടസ്സമാകുമെന്ന നിലയിലുള്ള വാർത്ത അടിസ്ഥാനരഹിതം. ജപ്പാൻ ഇന്റർനാഷണൽ കോ–-ഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) റോളിങ്‌ പ്ലാനിൽനിന്ന്‌ സിൽവർ ലൈൻ പദ്ധതി ഒഴിവാക്കിയെന്ന്‌ വിവരാവകാശ രേഖയുണ്ടെന്നാണ്‌ വാർത്ത വന്നത്‌. ജൈക്കയുടെതന്നെ നിർദേശപ്രകാരം കെ–-റെയിൽ കോർപറേഷൻ നൽകിയ പുതിയ അപേക്ഷ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നതാണ്‌ വസ്‌തുത. പദ്ധതിക്ക്‌ 33,203 കോടിയുടെ വിദേശവായ്‌പ ജൈക്കയിൽ നിന്നെടുക്കാനായിരുന്നു ആദ്യം ആലോചന. ഇതിനായി കെ–-റെയിൽ നൽകിയ അപേക്ഷയിൽ, ജൈക്കയുടെ 2018ലെ റോളിങ്‌ പ്ലാനിൽത്തന്നെ പദ്ധതി ഉൾപ്പെടുത്തി. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. തുടർന്ന്‌, ഒന്നിലധികം ബാങ്കുകളിൽനിന്ന്‌ വായ്‌പ ലഭ്യമാക്കണമെന്ന നിർദേശം ജൈക്ക മുന്നോട്ടുവച്ചു. എഡിബി (7553.22 കോടി), എഐഐബി (3778.5 കോടി), കെഎഫ്‌ഡബ്ല്യു (3476.2 കോടി), ജൈക്ക (18,892 കോടി) എന്നീ ബാങ്കുകളിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാനുള്ള അപേക്ഷ കെ–-റെയിൽ തയ്യാറാക്കി. ഇത്‌ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്‌. പദ്ധതിയുടെ സാമ്പത്തിക–-സാങ്കേതിക സാധ്യത സംബന്ധിച്ച്‌ റെയിൽവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടിയെന്നാണ്‌ ധനമന്ത്രാലയത്തിന്റെ നിലപാട്‌. ആദ്യഘട്ടത്തിൽ പദ്ധതിക്ക്‌ വിദേശ വായ്‌പയ്‌ക്കായി ശുപാർശചെയ്‌ത റെയിൽവേ മന്ത്രാലയം ഈ വർഷം ഫെബ്രുവരിയിൽ പദ്ധതിയുടെ വിവിധ സാങ്കേതിക വിശദാംശങ്ങൾ ലഭിക്കാനുണ്ടെന്ന്‌ അറിയിച്ചു. തുടർന്നാണ്‌ ജൈക്കയുടെ റോളിങ്‌ പ്ലാനിൽനിന്ന്‌ പദ്ധതി ഒഴിവാക്കിയതായി ധനമന്ത്രാലയം അറിയിച്ചത്‌. റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങളെല്ലാം കെ–-റെയിൽ ഇതിനകം കൈമാറിയിട്ടുണ്ട്‌. Read on deshabhimani.com

Related News