കെ റെയില്‍ പഠനം : സിൽവർ ലൈൻ വന്നാൽ ലാഭം 
2.8 ലക്ഷം മണിക്കൂർ



തിരുവനന്തപുരം സിൽവർ ലൈൻ യാഥാർഥ്യമായാൽ കേരളം ലാഭിക്കുന്നത്‌ 2.8 ലക്ഷം മണിക്കൂറാണെന്ന് കെ–-റെയിൽ. വ്യാഴാഴ്‌ച തൃക്കാക്കരയിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ കെ വി തോമസ്‌ സിൽവർ ലൈനിന്റ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. വീട്ടിൽനിന്ന്‌ പാലാരിവട്ടത്തെത്താൻ ഗതാഗതക്കുരുക്കിൽ ഒരു മണിക്കൂർ കിടന്നത്‌ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കമന്റ്‌.  തിരുവനന്തപുരം–--കാസർ​കോട്‌ 560 കിലോമീറ്റർ താണ്ടാൻ 10 –- 12 മണിക്കൂർ എടുക്കുന്നു, ബസിൽ 14 മണിക്കൂറും. കൊച്ചി –- തിരുവനന്തപുരം ആറ് മണിക്കൂർ. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ ഒച്ചിന്റെ വേ​ഗത്തിലാണ് ദേശീയപാതയിലൂടെയും റെയിൽവേയിലൂടെയും പോകുന്നതെന്ന്‌ കെ–-റെയിൽ, കണക്കുകൾ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നു. വാഹനപ്പെരുപ്പമാണ്‌ കേരളത്തിന്റെ പ്രശ്നം. അതുകൊണ്ട്‌, വിനോദസഞ്ചാരികൾ ഇങ്ങോട്ട് വരാൻ മടിക്കുന്നു. സിൽവർ ലൈൻ ഈ സാഹചര്യം ഇല്ലാതാക്കുന്നു. നാല് മണിക്കൂറിനുള്ളിൽ തെക്കേയറ്റത്തുനിന്ന്‌ വടക്കേയറ്റത്തേക്ക് എത്താം. അടുത്തടുത്ത ജില്ലകളിലേക്കുള്ള യാത്രാ സമയത്തിനും കുറവ്. സിൽവർ ലൈനിനു വേണ്ടിയുള്ള പഠനത്തിൽ മനുഷ്യവിഭവശേഷിക്ക് പ്രയോജനപ്പെടുത്താവുന്ന 2,80,000 മണിക്കൂർ സമയം ദിവസവും ലാഭിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കെ–-റെയിൽ വിശദമാക്കി. തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്‌ വരെ ഇപ്പോഴത്തെ യാത്രാസമയവുമായി സിൽവർ ലൈൻ യാത്ര താരതമ്യം ചെയ്താൽ എട്ട്‌ മണിക്കൂർവരെ ഒരാൾക്ക്‌ ലാഭമുണ്ടാകും. തിരുവനന്തപുരം –- കൊച്ചി, കൊച്ചി –- കോഴിക്കോട്‌ യാത്രയ്ക്ക്‌ മൂന്ന്‌ മണിക്കൂർ വീതം കുറയും. ആദ്യ ഘട്ടത്തിൽ യാത്രക്കാർ കുറവായിരിക്കുമെങ്കിലും പിന്നീട്‌ ദിവസേന 80,000 യാത്രക്കാർ എന്ന ലക്ഷ്യത്തിൽ എത്താനാകും. ഒരു ദിവസം സിൽവർ ലൈനിൽ യാത്ര ചെയ്യുന്ന ആകെ യാത്രക്കാർ ലാഭിക്കുന്ന സമയം കണക്കാക്കിയ പഠനത്തിലാണ്‌ 2.8 ലക്ഷം മണിക്കൂർ നേട്ടം കണ്ടെത്തിയത്‌. Read on deshabhimani.com

Related News