സിൽവർ ലൈൻ ഡിപിആറിലെ ചെലവ്‌ ശരിവച്ച്‌ നിതി ആയോഗ്‌



തിരുവനന്തപുരം > സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിലെ ചെലവ്‌ ശരിവച്ച്‌ നിതി ആയോഗ്‌. ചെലവ്‌ സംബന്ധിച്ച സംശയങ്ങൾക്ക്‌ കെ – റെയിൽ നൽകിയ വിശദീകരണം അംഗീകരിച്ചാണിത്‌. ഡിപിആറിലെ തുകയനുസരിച്ച്‌ വായ്‌പാ നടപടികളുമായി മുന്നോട്ടുപോകാനും അനുമതിയുണ്ട്‌. ഇതുസംബന്ധിച്ച്‌ 2021 ഏപ്രിൽ അഞ്ചിന്‌ നിതി ആയോഗ്‌ കെ–-റെയിലിന്‌ കത്ത്‌ നൽകിയിരുന്നു. ‘‘നിതി ആയോഗിന്റെ സംശയങ്ങൾക്ക്‌ 2021 ഫെബ്രുവരി ഒമ്പത്‌, മാർച്ച്‌ 22 തീയതികളിൽ കെ–-റെയിൽ അയച്ച വിശദീകരണം കിട്ടി. അവ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിർദിഷ്ട പദ്ധതിക്ക്‌ വായ്‌പ എടുക്കാം. എന്നാൽ, ഇതുസംബന്ധിച്ച ബാധ്യത കേന്ദ്രസർക്കാർ ഏൽക്കില്ല ’’ – കത്തിൽ പറഞ്ഞു. ഡിപിആർ ശരിയല്ലെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ പലരും ഉദ്ധരിക്കുന്നത്‌ നിതി ആയോഗിനെയാണ്‌. പദ്ധതി പൂർത്തിയാക്കാൻ നിതി ആയോ​ഗ് 1.3 ലക്ഷം കോടി രൂപ കണക്കാക്കിയെന്ന്‌ സിസ്‌ട്ര മുൻ ഉദ്യോഗസ്ഥൻ അലോക് കുമാർ വർമയും പ്രചരിപ്പിക്കുന്നു. നിതി ആയോ​ഗ് ഇത്തരം ഒരു കണക്കുകൂട്ടൽ നടത്തിയില്ല. ന്യൂഡൽഹി–- മീററ്റ്‌ റൂട്ടിൽ നിർമിക്കുന്ന അതിവേഗ പാതയായ ആർആർടിഎസ്, മെട്രോ റെയിൽ എന്നിവയുടെ നിർമാണച്ചെലവുമായി താരതമ്യം ചെയ്‌തു. ഈ പദ്ധതികളേക്കാൾ ചെലവ് കുറയാനുള്ള കാരണം ചോദിച്ചു. ഇക്കാര്യം കെ - റെയിൽ ബോധ്യപ്പെടുത്തി. ഡിപിആർ പ്രകാരമുള്ള 63,941 കോടി രൂപയുടെ എസ്റ്റിമേറ്റ് ശരിയാണെന്ന്‌ ഇന്ത്യൻ റെയിൽവേ സ്വതന്ത്ര ഏജൻസി റൈറ്റ്‌സ്‌ നടത്തിയ പഠനവും നിതി ആയോഗിന്റെ മുന്നിലുണ്ട്‌. Read on deshabhimani.com

Related News