സിൽവർ ലൈൻ; പഠനവും സർവേയും കേന്ദ്രാനുമതികളിൽ



തിരുവനന്തപുരം > സിൽവർ ലൈൻ പദ്ധതിയ്‌ക്കായി‌ സാമൂഹികാഘാത പഠനവും സർവെയും ഉൾപ്പെടെ കെറെയിൽ നടപടികൾ കേന്ദ്ര സർക്കാരിന്റെ വിവിധ അംഗീകാരങ്ങളുടെ തുടർച്ച. പദ്ധതിയുടെ‌ നിക്ഷേപപൂർവ പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാരിന്റെ തത്വത്തിലുള്ള അംഗീകാരമുണ്ട്‌. ഇത്തരത്തിൽ തത്വത്തിൽ അംഗീകാരം കിട്ടിയ പദ്ധതികൾക്ക്‌ പ്രാഥമിക ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങുന്നതിൽ‌ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയുമുണ്ട്‌‌. 2016 ആഗസ്റ്റ് അഞ്ചിന്‌ ധനമന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലെ നിർദേശങ്ങൾക്കാണ്‌ കെറെയിൽ തുടക്കമിട്ടത്‌. ‌പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലും മറ്റ്‌ ക്ലിയറൻസുകളും എത്രയും പെട്ടെന്ന്‌ പൂർത്തീകരിക്കാൻ നിർദേശിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ കത്തും സംസ്ഥാന സർക്കാരിന്‌ ലഭിച്ചു. ധനമന്ത്രാലയത്തിന്റെ ഓഫീസ്‌ മെമ്മൊറാണ്ടമനുസരിച്ച്‌ സർക്കാർ പദ്ധതികളിൽ നിക്ഷേപത്തിനു മുന്നോടിയായി 13 കാര്യം നിർവഹിക്കാം. സാധ്യതാ പഠനങ്ങൾ, വിശദ പദ്ധതിരേഖകൾ തയ്യാറാക്കൽ, പ്രാരംഭ പരിവേക്ഷണങ്ങൾ, സർവേകൾ/അന്വേഷണങ്ങൾ, ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം നൽകൽ, അതിർത്തി മതിൽ, റോഡ്, ചെറിയ പാലം കൾവെർട്ട്, ജല, വൈദ്യുത ലൈൻ, പദ്ധതിപ്രദേശത്തെ ഓഫീസുകൾ തുടങ്ങിയവയുടെ‌ ‌ നിർമാണം, താൽകാലിക താമസ സൗകര്യമൊരുക്കൽ, പരിസ്ഥിതി പരിപാലന പദ്ധതി തയ്യാറാക്കൽ, വനം–--വന്യജീവി വകുപ്പുകളുടെ അനുമതി, ബദൽ വനവൽക്കരണം, വനഭൂമി തരം മാറ്റുന്നതിന്‌ പണം നൽകൽ തുടങ്ങിയവ ഏറ്റെടുക്കാം. ഇതനുസരിച്ച് സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തൽ പഠനത്തിനും അധികാരമുണ്ട്. ഇതിൽ കേന്ദ്ര സർക്കാരിന്റെയോ റെയിൽവേ ബോർഡിന്റെയോ പ്രത്യേക അനുമതിയും വേണ്ട. സിൽവർലൈൻ കടന്നുപോകുന്ന 11 ജില്ലയിലും വിജ്ഞാപനത്തിനുശേഷമാണ്‌ സാമൂഹിക ആഘാത പഠനം ആരംഭിച്ചത്‌. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമത്തിന്റെ 4(1) വകുപ്പു പ്രകാരമായിരുന്നു നടപടി. ഭൂമി ഏറ്റെടുക്കലിന്റെ ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിവരശേഖരണത്തിനാണ്‌‌ പഠനം. വിവരശേഖരണത്തിന്റെ കരട് പ്രസിദ്ധീകരിച്ചശേഷമുള്ള  പൊതുചർച്ച(പബ്ലിക് ഹിയറിങ്‌)യിൽ പദ്ധതി ബാധിതർക്ക് അഭിപ്രായപ്രകടനത്തിന്‌ അവസരമുണ്ടാകും‌. ഇതിനുശേഷമായിരിക്കും അന്തിമ പഠന റിപ്പോർട്ട്. ഇതിൻമേൽ വിദഗ്ധ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ടും പ്രസിദ്ധീകരിക്കും. ഇതെല്ലാം പൂർത്തിയാക്കിയശേഷമാണ് ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാരിന്റെ അന്തിമ തീരുമാനം.   Read on deshabhimani.com

Related News