സതീശൻ ഒറ്റപ്പെടുന്നു ; തരൂരിൽ അച്ചടക്കലംഘനം ‘കണ്ടെത്തും ’ ; പരിപാടികൾക്ക്‌ അനുമതി നിഷേധിക്കാനും നീക്കം



  തിരുവനന്തപുരം   കെ സുധാകരൻപക്ഷവും ചെന്നിത്തലപക്ഷത്തെ ഒരു വിഭാഗവും മനസ്സുകൊണ്ട്‌ തരൂരിനൊപ്പം നിലയുറപ്പിച്ചതോടെ സംസ്ഥാന കോൺഗ്രസിൽ വി ഡി സതീശൻ കെ സി വേണുഗോപാൽ ഗ്രൂപ്പ്‌ ഒറ്റപ്പെടുന്നു. അതേസമയം, ഔദ്യോഗിക സംവിധാനങ്ങളെയും ഡിസിസികളെയും ഉപയോഗപ്പെടുത്തി തരൂരിന്റെ പരിപാടികൾക്ക്‌ തടയിടാനാണ്‌ ശ്രമം.   പരിപാടികൾ  കമ്മിറ്റികളുടെ അനുമതിയോടെ നടത്തണമെന്ന്‌ അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവർത്തിച്ചു. പരിപാടികൾക്കെതിരെ ഡിസിസികളെക്കൊണ്ട്‌ പരാതി നൽകിക്കാനും നീക്കമാരംഭിച്ചു.  ഈരാറ്റുപേട്ടയിലെ പരിപാടി അറിയിച്ചിട്ടില്ലെന്ന്‌ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്‌ പറഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിലല്ല കാര്യങ്ങളെന്നറിഞ്ഞതോടെ സതീശൻ ക്യാമ്പ്‌ കടുത്ത നിരാശയിലാണ്‌. കെ സുധാകരന്റെ മനസ്സുമാറ്റവും ചങ്ങനാശേരി അതിരൂപത തരൂരിന്‌ പരിപാടി നൽകിയതും കനത്ത തിരിച്ചടിയായി. കെപിസിസി പ്രസിഡന്റ്‌ പറയുന്നത്‌ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന്‌ എം കെ രാഘവൻ പറഞ്ഞത്‌ ഈ ചായ്‌വ്‌ പ്രകടമാക്കുന്നു. തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന്‌ എം എം ഹസ്സനും വ്യക്തമാക്കി. തിരുവഞ്ചൂരിനെ മുന്നിൽനിർത്തി നടത്തുന്ന നീക്കങ്ങൾക്ക്‌ തരൂർ കാര്യമായ ഗൗരവം നൽകുന്നില്ല. യൂത്ത്‌ കോൺഗ്രസും കോൺഗ്രസുകാർ നേതൃത്വം കൊടുക്കുന്ന സംഘടനകളുമാണ്‌ തരൂരിനെ ക്ഷണിക്കുന്നത്‌.  ഇതിലൊക്കെ എന്ത്‌ അച്ചടക്ക ലംഘനമാണെന്നും തരൂർപക്ഷക്കാർ ചോദിക്കുന്നു. അതിനിടെ തരൂർവിഭാഗവുമായി  ഏറ്റുമുട്ടാനുറച്ച്‌ ഈരാറ്റുപേട്ടയിൽ സതീശന്റെ പോസ്റ്ററുകളും ഫ്ലക്‌സുകളും ഉയർന്നു. നേരത്തേ തരൂരിന്റെ പരിപാടിയുടെ പോസ്റ്ററിൽനിന്ന്‌ സതീശനെ ഒഴിവാക്കിയത്‌ വിവാദമായിരുന്നു. ഡിസിസിയുടെ അനുമതിയോടെയാണ്‌ സതീശന്‌ അനുകൂലമായുള്ള പ്രചാരണം. കൊച്ചിയിൽ ഞായറാഴ്‌ച നടക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽസ്‌ കോൺഗ്രസിന്റെ കോൺക്ലേവിൽ  സുധാകരൻ   ഓൺലൈനായി പങ്കെടുക്കുമെന്ന്‌ അറിയിച്ചത്‌ മനസുമാറ്റമായാണ്‌ വിലയിരുത്തുന്നത്‌. Read on deshabhimani.com

Related News