തരൂരിന്‌ പിന്തുണ ; സതീശനെ തള്ളി ഘടകകക്ഷികൾ



തിരുവനന്തപുരം ശശി തരൂർ വിഷയത്തിൽ നീറിപ്പുകയുന്ന കോൺഗ്രസിലെ ഔദ്യോഗിക നേതൃത്വത്തെ തള്ളി യുഡിഎഫ്‌ ഘടകകക്ഷികൾ. ലീഗിനു പിന്നാലെ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം, ആർഎസ്‌പി, സിഎംപി സി പി ജോൺ വിഭാഗം എന്നിവരും വി ഡി സതീശനെയും കെ സുധാകരനെയും തള്ളി തരൂരിന്‌ പിന്തുണ പ്രഖ്യാപിച്ചു.    കോട്ടയത്ത്‌ തരൂരിന്റെ  എല്ലാ സ്വീകരണപരിപാടിയിലും പങ്കെടുക്കാനാണ്‌ ജോസഫ്‌ ഗ്രൂപ്പ്‌ തീരുമാനം. തിരുവനന്തപുരം കോർപറേഷനു മുന്നിൽ നടക്കുന്ന യുഡിഎഫ്‌ സമരവേദിയിൽ തരൂരിനെ സ്വീകരിച്ചാണ്‌ ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ്‌ പിന്തുണ അറിയിച്ചത്‌. ശശി തരൂരിനെ സ്വാഗതം ചെയ്യുന്നതായി സിഎംപി (ജോൺ വിഭാഗം) ജനറൽ സെക്രട്ടറി സി പി ജോണും പ്രതികരിച്ചു. അതേസമയം, ഐ ഗ്രൂപ്പിനെ ഒന്നിച്ചുനിർത്തി തരൂരിനെ അവഗണിച്ച്‌ ഒറ്റപ്പെടുത്താനാണ്‌ ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം.  മിണ്ടരുതെന്ന്‌ അന്ത്യശാസനം നൽകിയിട്ടും ചെളിവാരിയെറിയൽ വ്യാഴാഴ്‌ചയും തുടർന്നു. ചിലർ ചിലതെല്ലാം മറക്കുന്നുവെന്ന പ്രതികരണുമായി തരൂരാണ്‌ സതീശനെ കുത്തി തുടക്കമിട്ടത്‌. പിന്നാലെ എതിർക്കുന്നത്‌ മുഖ്യമന്ത്രിക്കുപ്പായംം തുന്നുന്നവരെന്ന കെ മുരളീധരന്റെ പ്രസ്‌താവനയ്‌ക്ക്‌ മറുപടിയുമായി ചെന്നിത്തലയും രംഗത്തെത്തി. കെ കരുണാകരന്റെ  കാലത്ത്‌ ഐ, എ ഗ്രൂപ്പുകൾ തമ്മിലുണ്ടായിരുന്ന ഗ്രൂപ്പുവൈരത്തിന്റെ സഹചര്യത്തിലേക്കാണ്‌ കേരളത്തിലെ കോൺഗ്രസിന്റെ പോക്കെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നു.  പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ രാഷ്‌ട്രീയകാര്യ സമിതിയും യുഡിഎഫ്‌ യോഗവും ഉടൻ ചേരും.  തരൂരിനെ ചാടിക്കേറി എതിർത്തത്‌ അബദ്ധമായെന്ന വിലയിരുത്തലിലാണ്‌ സതീശൻ ക്യാമ്പ്‌. എന്നാൽ, ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിപ്പിക്കുംവിധം കൂടുതൽ പരിപാടികളിലേക്ക്‌ തരൂരിനെ എത്തിക്കാനുള്ള ആസൂത്രണത്തിലാണ്‌ മറുക്യാമ്പ്‌. Read on deshabhimani.com

Related News