നവജാതശിശുക്കൾ "ശലഭ'മായി പറക്കും ; ശലഭം' പദ്ധതിയിലൂടെ 19 ലക്ഷം പരിശോധന നടത്തി ആരോഗ്യവകുപ്പ്‌

image credit shalabham.kerala.gov.in


തിരുവനന്തപുരം ആരോഗ്യം നിറഞ്ഞ കുഞ്ഞുതലമുറയ്ക്കായി ആവിഷ്‌കരിച്ച "ശലഭം' പദ്ധതിയിലൂടെ 19 ലക്ഷം പരിശോധന നടത്തി ആരോഗ്യവകുപ്പ്‌. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയാണ്‌ പദ്ധതിയിലൂടെ നടത്തുന്നത്‌. ശിശുക്കൾക്ക്‌ എന്തെങ്കിലും രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുക മാത്രമല്ല, ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുകയാണ്‌ ഈ സൗജന്യ പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ 19,12,780 പരിശോധന നടത്തി. ജനിച്ച ഉടനെയും പിന്നീടും ആശുപത്രികളിൽ നടത്തുന്ന സ്‌ക്രീനിങ്‌ വഴി 1,27,054 പരിശോധനയും ഫീൽഡ് തലത്തിൽ നടത്തുന്ന ആർബിഎസ്‌കെ സ്‌ക്രീനിങ്‌ വഴി 17,85,726 പരിശോധനയും പൂർത്തിയാക്കി. കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ നടത്തുന്ന ജനന വൈകല്യ പരിശോധന, ജനിതകപരമോ ഹോർമോൺ സംബന്ധമായോ ഉള്ള അപാകം കണ്ടെത്തുന്നതിനുള്ള മെറ്റബോളിക് സ്‌ക്രീനിങ്‌ (ഐഇഎം), പൾസ് ഓക്സിമെട്രി സ്‌ക്രീനിങ്‌, ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ പരിശോധിക്കുന്ന ഫങ്ഷണൽ  സ്‌ക്രീനിങ്, കാഴ്ച പരിശോധനയ്ക്കുള്ള ആർഒപി സ്‌ക്രീനിങ്, കേൾവി പരിശോധിക്കുന്നതിനുള്ള ഓട്ടോ എക്വസ്റ്റിക്‌ എമിഷൻ സ്‌ക്രീനിങ് (ഒഎഇ), ന്യൂറോ ഡെവലപ്മെന്റ് വൈകല്യങ്ങൾ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിങ് എന്നിവയാണ്‌ പരിശോധന. 4629 കുട്ടികളിൽ വൈകല്യ സാധ്യത 1,23,515 നവജാത ശിശുക്കളിൽ നടത്തിയ ജനന വൈകല്യ പരിശോധനയിൽ 4629 കുട്ടികൾക്ക് വൈകല്യ സാധ്യത സ്ഥിരീകരിച്ചിട്ടുണ്ട്‌. 1,21,100 കുട്ടികളിൽ നടത്തിയ പൾസ് ഓക്സിമെട്രി സ്‌ക്രീനിങ്ങിൽ 835 പേർക്കും 1,24,319 കുട്ടികളിൽ നടത്തിയ ഹൃദയ ശാരീരിക പരിശോധനയിൽ 4761 പേർക്കും രോഗസാധ്യത കണ്ടെത്തി. കേൾവി പരിശോധനയ്ക്കുള്ള ഓട്ടോ എക്വസ്റ്റിക്‌ എമിഷൻ സ്‌ക്രീനിങ് വഴി 6716 കുട്ടികളിൽ കേൾവി വൈകല്യ സാധ്യതയും ജന്മനായുള്ള മെറ്റബോളിക് അസുഖങ്ങൾ കണ്ടെത്താൻ നടത്തുന്ന ഐഇഎം പരിശോധനയിൽ 2155 കുട്ടികളിൽ വൈകല്യ സാധ്യതയും കണ്ടെത്താനായി. ഇവർക്ക് തുടർ ചികിത്സയും ഉറപ്പാക്കി. ആശുപത്രികളിലും ഫീൽഡ് തലത്തിലും പീഡിയാട്രിഷ്യന്റെയോ മെഡിക്കൽ ഓഫിസറുടെയോ നേതൃത്വത്തിലാണ്‌ പരിശോധനാ സംഘം പ്രവർത്തിക്കുന്നത്. ഫീൽഡുതല പരിശോധനയ്ക്ക്‌ 1174 നഴ്സുമാർക്കാണ്‌ ചുമതല. Read on deshabhimani.com

Related News