വ്യാജ വാർത്ത: ഷാജൻ സ്കറിയക്ക്‌ അടിയന്തര നോട്ടീസ്‌



തിരുവനന്തപുരം > തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിക്കെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രചരിപ്പിച്ച കേസിൽ "മറുനാടൻ മലയാളി' എഡിറ്റർ ഷാജൻ സ്കറിയക്ക്‌ കോടതിയുടെ അടിയന്തര നോട്ടീസ്‌.  നഷ്ടപരിഹാരത്തിനായി ഫയൽ ചെയ്ത കേസിൽ സ്വത്ത് കണ്ടു കെട്ടുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന്‌ കാണിച്ചാണ്‌ നോട്ടീസ്‌.  തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ്‌ വെള്ളിയാഴ്‌ച നോട്ടീസ് അയച്ചത്. ലോക്ഡൗൺ കാലത്ത് അമ്മയുടെ സഹോദരന്റെ വീട്ടിൽ പോയ അഭിഭാഷകനെതിരെ ഷാജൻ സ്‌കറിയ മറുനാടൻ മലയാളിയിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകനും തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയുമായ വള്ളക്കടവ് ജി മുരളീധരൻ സിവിൽ ആയും ക്രിമിനൽ ആയും മാനനഷ്ട കേസ് ഫയൽ ചെയ്തു.  മജിസ്‌ട്രേട്ട്‌ കോടതി ഷാജനെതിരെ കേസെടുത്തെങ്കിലും പ്രതി ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. സിവിൽ കേസിലാണ് സബ് കോടതി നോട്ടീസ് അയച്ചത്. ഷാജന് പുറമെ കൊല്ലത്ത് ഫിനാക്ട്‌ എന്ന ടാക്സ്സ് കൺസൾട്ടൻസി സ്ഥാപന ഉടമ മയ്യനാട് സ്വദേശി സന്തോഷ്‌ മഹേശ്വർ, മറുനാടൻ എക്സിക്യൂട്ടീവ് ഓഫീസർ ആൻ മേരി ജോർജ്, കൊല്ലം സബ് എഡിറ്റർ കെ എൽ ലക്ഷ്മി , റിപ്പോർട്ടർ വിനോദ് വി നായർ എന്നിവരാണ് കേസിലെ മറ്റ് എതിർ കക്ഷികൾ. Read on deshabhimani.com

Related News