ഉയരെ ശുഭ്രപതാക; കൊല്ലത്ത് എസ്എഫ്ഐക്ക്‌ ഉജ്വല വിജയം

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ കൊല്ലത്ത്‌ നടത്തിയ ആഹ്ലാദപ്രകടനം


കൊല്ലം> കേരള സർവകലാശാലയുടെ കീഴിലെ ക്യാമ്പസുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക്‌ ഉജ്വല വിജയം. തെരഞ്ഞെടുപ്പ്‌ നടന്ന 19 ക്യാമ്പസിൽ 18 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു.12 കോളേജിൽ നാമനിർദേശപത്രികാ സമർപ്പണം അവസാനിച്ചപ്പോൾ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.    കൊല്ലം എസ്എൻ കോളേജ്, വനിതാ കോളേജ്, എസ്എൻ ലോ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, വിദ്യാധിരാജ കോളേജ്, കൊട്ടിയം എംഎംഎൻഎസ് എസ് ആർട്സ്, ചാത്തന്നൂർ എസ്എൻ, കടയ്‌ക്കൽ പിഎംഎസ്എ, നിലമേൽ എൻഎസ്എസ്, അയ്യന്‍കാളി കോളേജ്, അഞ്ചൽ സെന്റ് ജോൺസ്, പത്തനാപുരം സെന്റ്‌ സ്റ്റീഫൻസ്, പുനലൂർ എസ്എൻ കോളേജ് എന്നിവിടങ്ങളിലാണ് എതിരില്ലാതെ ജയിച്ചത്. കഴിഞ്ഞതവണ കെഎസ്‌യു വിജയിച്ച ശാസ്‌താംകോട്ട ഡിബി കോളേജ് ഇത്തവണ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു.    ‘സമഭാവനയുള്ള വിദ്യാർഥിത്വം, സമരഭരിത കലാലയം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗീയതയ്ക്കും കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനും എതിരെയും വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ്‌ എസ്‌എഫ്‌ഐക്ക്‌ വിദ്യാർഥികൾ നൽകിയത്‌. ക്യാമ്പസുകളെ സർഗാത്മകവും സാംസ്‌കാരികസമ്പന്നവുമാക്കി തീർക്കാൻ എസ്‌എഫ്‌ഐ നടത്തുന്ന നിരന്തര ഇടപെടലിന്‌ ഉജ്വല വിജയത്തിലൂടെ അംഗീകാരം സമ്മാനിച്ച വിദ്യാർഥികളെ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു.    കൊലക്കത്തിയുടെയും അക്രമത്തിന്റെയും വഴിതേടുന്ന കെഎസ്‌യു, എബിവിപി സംഘടനകളുടെ അരാഷ്ട്രീയ സംവിധാനത്തെ പൊളിച്ചെഴുതിയാണ് ജില്ലയിൽ എസ്എഫ്ഐ തിളക്കമാർന്ന വിജയം നേടിയതെന്ന്‌ ജില്ലാ പ്രസിഡന്റ്‌ എ വിഷ്ണുവും സെക്രട്ടറി ആർ ഗോപീകൃഷ്ണനും പറഞ്ഞു. Read on deshabhimani.com

Related News