പോരാട്ടത്തിൻ വീറുറ്റ ഗാഥകൾ



ഏലംകുളം പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്തോടെ നേരിട്ട്‌  പോരാട്ട പാതയിൽ വീറുറ്റ സാന്നിധ്യമായവർ,  പൊലീസ്‌–-ഗുണ്ടാമർദനത്തിലും പതറാത്തവർ... എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായെത്തിയവരിൽ ഭൂരിഭാഗവും തീക്ഷ്‌ണ സമരാനുഭവങ്ങളിൽ ഉരുകിത്തെളിഞ്ഞവർ. പ്രതിനിധികളിൽ 240 പേരും പൊലീസ്‌–-ഗുണ്ടാമർദനമേറ്റുവാങ്ങിയവരാണ്‌. ജയിൽവാസം അനുഭവിച്ച 68 പേർ. പത്തനംതിട്ട ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഷഫീക്ക്‌ 143 ദിവസം ജയിലിൽ കഴിഞ്ഞു. 282 പേർ സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി കേസുകളിൽ പ്രതികളായി. തിരുവനന്തപുരത്തുനിന്നുള്ള ജെ ജെ അഭിജിത്താണ്‌ ഏറ്റവും കൂടുതൽ കേസുകളിൽ പ്രതിയായത്‌–- 45 കേസ്‌. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത പി എം ആർഷൊ 44 കേസുകളിൽ പ്രതിയായി.  സമ്മേളനത്തിൽ പങ്കെടുത്തവരിൽ 34 പേർ 20 വയസിൽ താഴെയുള്ളവരാണ്‌. 25 വയസിനുമുകളിൽ പ്രായമുള്ള 71 പേരുണ്ട്‌.  20നും 25നും ഇടയിലുള്ളവർ 363 പേർ. മലപ്പുറം പോത്തുകല്ലിൽനിന്നുള്ള ഗസലാണ്‌ സമ്മേളനത്തിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി–-15 വയസ്‌. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ അമൽ സോഹൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഠനത്തിൽ മിടുക്കർ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 295 പേർ ബിരുദ വിദ്യാഭ്യാസമുള്ളവരും 81 പേർ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമാണ്‌. ആറുപേർ ഗവേഷക വിദ്യാർഥികൾ. മൂന്നുപേർ എംഫിൽ ചെയ്യുന്നു. കണ്ണൂരിൽനിന്നുള്ള സി പി ഷിജു മൂന്ന്‌  ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഇപ്പോൾ ഗവേഷകനാണ്‌. സമ്മേളനത്തിൽ പങ്കെടുത്തവരിൽ അധികം പേരും 2011നുശേഷം സംഘടനയിൽ അംഗങ്ങളായവരാണ്‌. 2011നും 2015നും ഇടയിൽ അംഗത്വം നേടിയ 231 പേരും 2016നും 2022നും ഇടയിൽ അംഗമായ 163 പേരും പ്രതിനിധികളായുണ്ട്‌. 2005നുമുമ്പ്‌ അംഗത്വമുള്ള നാലുപേരാണ്‌ സമ്മേളനത്തിലുണ്ടായിരുന്നത്‌. കെ എം സച്ചിൻദേവ്‌, ശരത്‌ ശശിധരൻ, ജാസർ ഇക്‌ബാൽ എന്നിവർ നാലാമത്തെ സംസ്ഥാന സമ്മേളനത്തിലാണ്‌ പങ്കെടുത്തത്‌. 312 പേരുടെ ആദ്യ സംസ്ഥാന സമ്മേളനമായിരുന്നു ഏലംകുളത്തേത്‌. സേവനസന്നദ്ധർ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 469 പേരും അവയവ ദാനത്തിന്‌ താൽപ്പര്യമുള്ളവരാണ്‌.  424 പേർ കോവിഡ്‌ വളന്റിയർ പ്രവർത്തനത്തിൽ പങ്കാളികളായി. Read on deshabhimani.com

Related News