മുന്നേറ്റത്തിന്റെ 
പുതുകാഹളം ; പ്രതിനിധി സമ്മേളനം ഇന്ന്‌ തുടങ്ങും



അഭിമന്യുനഗർ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം) വള്ളുവനാടിന്റെ  ‌ഹൃദയഭൂവിൽ  വിദ്യാർഥിമുന്നേറ്റത്തിന്റെ മഹാപ്രയാണം. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള  വിദ്യാർഥിറാലി പോരാട്ടചരിത്രം തുടിക്കുന്ന പെരിന്തൽമണ്ണയെ ആവേശക്കടലാക്കി. കാലത്തിന്റെ മാറ്റത്തിന്‌ കരുത്തുപകർന്ന ശുഭ്രപതാകയേന്തി ആയിരക്കണക്കിന് വിദ്യാർഥികൾ നഗരവീഥികളെ ഇളക്കിമറിച്ചു. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. ചൊവ്വ ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌  വിദ്യാർഥികൾ സമ്മേളന നഗരിയിലേക്ക്‌ ഒഴുകി. വൈകിട്ട് നാലിന് പാലക്കാട്‌ റോഡിൽ മനഴി സ്‌റ്റാൻഡ്‌ പരിസരം കേന്ദ്രീകരിച്ച്‌  റാലി ആരംഭിച്ചു. വാദ്യമേളങ്ങൾ അകമ്പടിയേകിയ പ്രകടനത്തിന്‌  പാതയോരങ്ങളിൽ വൻജനാവലി അഭിവാദ്യമർപ്പിച്ചു. പൊതുസമ്മേളനത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, പ്രസിഡന്റ്‌ വി പി സാനു, ജോയിന്റ്‌ സെക്രട്ടറി ദീപ്‌ഷിത ജോയി, സംസ്ഥാന സെക്രട്ടറി  കെ എം സച്ചിൻദേവ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എ സക്കീർ സ്വാഗതവും മലപ്പുറം ജില്ലാ സെക്രട്ടറി എം സജാദ്‌ നന്ദിയും പറഞ്ഞു.  പ്രതിനിധി സമ്മേളനം ബുധനാഴ്‌ച ധീരജ്‌–-പി ബിജു നഗറിൽ (ഏലംകുളം ഇ എം എസ്‌ സമുച്ചയം)  രാവിലെ 9.30ന്‌‌ സാംസ്‌കാരിക ചിന്തകൻ രാം പുനിയാനി ഉദ്‌ഘാടനംചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. വർഗീയവൽക്കരണത്തിന്‌ കേന്ദ്രം വിദ്യാഭ്യാസമേഖലയെ ഉപയോഗിക്കുന്നു: എ വിജയരാഘവൻ പുതിയ തലമുറയെ വർഗീയവൽക്കരിക്കാൻ കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുകയാണെന്ന്‌   സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. വലിയ വിലകൊടുത്ത്‌ വാങ്ങേണ്ട വസ്‌തുവാണ്‌ ഇന്ന്‌ വിദ്യാഭ്യാസം. ഈരംഗത്ത്‌ കേന്ദ്രം നടപ്പാക്കുന്ന നയങ്ങൾ കുട്ടികളെ കടക്കെണിയിലാക്കുന്നതാണ്‌.  അത്യാപത്‌കരമായ കേന്ദ്രനയങ്ങൾ കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മേഖലയെ തകർക്കും. ഇതിനെതിരെ ജനങ്ങൾ  ജാഗരൂകരായിരിക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു.  എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം അഭിമന്യുനഗറിൽ (മുനിസിപ്പൽ സ്‌റ്റേഡിയം) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  വർഗീയവൽക്കരണത്തിനായി കേന്ദ്ര സർക്കാരും ചില സംസ്ഥാനങ്ങളും സിലബസ്‌ മാറ്റുന്നു. ശ്രീനാരായണഗുരു, ഭഗത്‌സിങ്‌, ഇ വി രാമസ്വാമി നായ്‌ക്കർ എന്നീ മഹാൻമാരെ പുതുതലമുറ പഠിക്കേണ്ടതില്ലെന്നാണ്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ  തീരുമാനം. കുത്തബ്‌മിനാറിന്റെയും താജ്‌മഹലിന്റെയും ജ്ഞാന്‍വാപി മസ്‌ജിദിന്റെയും അടി തുരക്കുകയാണ്‌. രാജ്യത്തെ മധ്യകാല ബോധത്തിലേക്ക്‌ നയിക്കുന്നതാണ്‌ ഈ ചരിത്രനിഷേധം. എന്നാൽ, എൽഡിഎഫ്‌ ഭരിക്കുന്ന  കേരളത്തിൽ ഇത്തരം വർഗീയ –-പ്രതിലോമ നയങ്ങൾക്ക്‌ സ്ഥാനമില്ല. Read on deshabhimani.com

Related News