എസ്എഫ്ഐ സമ്മേളനം; വള്ളുവനാടിന്റെ ഹൃദയത്തെ ത്രസിപ്പിച്ച്‌ വിദ്യാർഥി മുന്നേറ്റം



അഭിമന്യു നഗർ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം ഗ്രൗണ്ട്‌)> വള്ളുവനാടിന്റെ ഹൃദയത്തെ ത്രസിപ്പിച്ച്‌ വിദ്യാർഥി മുന്നേറ്റം. കാലത്തിന്റെ മാറ്റത്തിന്‌ കരുത്തുപകർന്ന ശുഭ്രപതാകയേന്തി ആയിരങ്ങൾ നഗരവീഥികളിൽ പുളകം ചാർത്തി. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാർഥി റാലി പൊരുതുന്ന ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ കരുത്തും സൗന്ദര്യവും വിളിച്ചോതി. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. മഴ മാറിയ പകൽ പെരിന്തൽമണ്ണ വിദ്യാർഥിപ്രവാഹത്തിൽ അലിഞ്ഞു. ജില്ലയുടെ വിവിധ ഏരിയകളിൽനിന്നും ഉച്ചയോടെ വിദ്യാർഥികൾ സമ്മേളന നഗരിയിലേക്ക്‌ ഒഴുകി. പകൽ രണ്ടിന്‌ പാലക്കാട്‌ റോഡിൽ മനഴി സ്‌റ്റാൻഡ്‌ പരിസരം കേന്ദ്രീകരിച്ച്‌ റാലി ആരംഭിച്ചു. ഏരിയാ കമ്മിറ്റിയുടെ ബാനറിനുകീഴിൽ പ്രവർത്തകർ അണിനിരന്നു.  തിറയും തെയ്യവും ഒപ്പനയും ഉൾപ്പെടെ കേരളീയ കലാരൂപങ്ങൾ റാലിയെ വർണാഭമാക്കി. ധീര രക്തസാക്ഷികളുടെ സ്‌മരണകൾ മുദ്രാവാക്യങ്ങളായി നിറഞ്ഞു. ബാൻഡ്‌ വാദ്യങ്ങളും നിശ്‌ചലദൃശ്യങ്ങളും വിപ്ലവഗാനങ്ങളും വീഥികളിൽ ആവേശം വിതറി. റാലി കടന്നുപോയ വഴികളിൽ അഭിവാദ്യമർപ്പിക്കാൻ വൻ ജനാവലിയെത്തി. പുതിയ കാലത്തിന്റെ മുന്നേറ്റത്തിൽ ചരിത്ര നഗരി ഒരിക്കൽകൂടി ത്രസിച്ചു.   അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, ജോയിന്റ്‌ സെക്രട്ടറി ദീപ്‌ഷിത ജോയി, സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി കെ എം സച്ചിൻ ദേവ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, വി പി ശരത്‌ പ്രസാദ്‌, ടി പി രഹ്‌ന സബീന, കെ പി ഐശ്വര്യ, ആദർശ്‌ എം സജി എന്നിവർ റാലിയ്‌ക്ക്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News