കേരളത്തിലെ പൊതുവിദ്യാഭ്യാസം 
ലോകവിസ്മയം: എ വിജയരാഘവൻ



കൊച്ചി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ വളർച്ച ലോകവിസ്മയമായി മാറുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സം​ഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തിലും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിലും എൽഡിഎഫ് സർക്കാർ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തിയത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് നിലനിർത്താൻ പൊതുവിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വലുതാണ്. എന്നാൽ, ദേശീയ വിദ്യാഭ്യാസനയത്തിലൂടെ വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനും വർഗീയവൽക്കരിക്കാനും കേന്ദ്രം ശ്രമിക്കുകയാണ്. ഇതിനെതിരെ എല്ലാ ജനവിഭാഗങ്ങളും രംഗത്തിറങ്ങണം.   തീവ്രഹിന്ദുത്വ ശക്തികൾക്ക് ഭരണമേധാവിത്വമുള്ള കാലം ഇന്ത്യ ഒരിക്കലും ആ​ഗ്രഹിച്ചതല്ല. ദേശീയ പ്രസ്ഥാനത്തിന്റെ തുടർച്ചയിലൂന്നിയതായിരുന്നു നമ്മുടെ രാജ്യത്തെ ഭരണസംവിധാനങ്ങൾ. എന്നാൽ, ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഉദാത്ത മൂല്യങ്ങൾ നിരാകരിക്കുകയാണ് ബിജെപി സർക്കാർ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയപ്രചാരണം അവർ നേരിട്ട്‌ നടത്തുന്നു. ഇത് ചെറുക്കാൻ കഴിയണമെന്ന്‌ വിജയരാഘവൻ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന പ്രസി‍ഡന്റ്‌ ഡി സുധീഷ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News