മേപ്പാടി പോളി സംഘർഷം: അപർണയെ വധിക്കാൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ



മേപ്പാടി> കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനിടെ എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ നാലുപേരെ മേപ്പാടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മേപ്പാടി ഗവ. പോളിടെക്‌നിക്ക്‌ കോളേജിലെ കമ്പ്യൂട്ടർ ഹാർഡ്‌‌വെയർ മൂന്നാം വർഷ വിദ്യാർഥി വടകര കാർത്തികപ്പള്ളി സ്വദേശി കെ ടി അതുൽ (20), മറ്റ്‌ മൂന്നാംവർഷ വിദാർഥികളായ മലപ്പുറം കൊണ്ടോട്ടി ഒളവത്തൂർ മുഹമ്മദ്‌ ഷിബിലി‌ (21), എറണാകുളം അലൻ ആന്റണി (20), വടകര സ്വദേശി കിരൺ രാജ്‌ (20)  എന്നിവരാണ്‌ അറസ്‌റ്റിലായത്‌.  സംഘർഷത്തെ തുടർന്ന്‌ മേ‌പ്പാടി ഗവ. പോളിടെക്‌നിക്ക് കോളേജ്‌ അനിശ്‌ചിത കാലത്തേക്ക്‌ അടച്ചു. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങൾക്കിടെ വെള്ളിയാഴ്‌ചയാണ്‌‌ അപർണയെ മുപ്പതോളം വരുന്ന യുഡിഎസ്‌‌എഫ്‌ ക്രിമിനലുകൾ ആക്രമിച്ചത്‌. കോളേജിലെ മയക്കുമരുന്ന്‌ സംഘമായ "ട്രാബിയോക്കി’ൽ ഉൾപ്പെടുന്നവരാണ്‌  അക്രമികൾ. വിദ്യാർഥികൾക്ക്‌ മയക്കുമരുന്ന്‌ എത്തിച്ചുനൽകുന്നതുൾപ്പെടെയുള്ള അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നവരാണ്‌ സംഘത്തിലുള്ളത്‌. അറസ്‌റ്റിലായവരെ കൂടാതെ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ഫിനാൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ്‌ അപർണയെ വധിക്കാൻ ശ്രമിച്ചതിന്‌ കേസെടുത്തത്‌. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അപർണ ഗൗരി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. മേപ്പാടി ഇൻസ്‌പെക്ടർ എ ബി വിബിനും അക്രമത്തിൽ പരിക്കേറ്റിരുന്നു‌. അറസ്‌റ്റിലായ അതുൽ കെ ടി, കിരൺരാജ്‌, മുഹമ്മദ്‌ ഷിബിലി എന്നിവർക്കെതിതെ വധശ്രമത്തിന്‌ കേസെടുത്തു. അലൻ ആന്റണിക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ്‌ കേസ്‌. കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ്‌ ചെയ്‌തു. വെള്ളി പകൽ മൂന്നോടെ തുടങ്ങിയ സംഘർഷം വൈകിട്ട്‌ അഞ്ചോടെയാണ്‌ പൊലീസിന്‌ നിയന്ത്രിക്കാനായത്‌. Read on deshabhimani.com

Related News