സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാലയിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

അറസ്റ്റിലായ പ്രതി മണികണ്ഠൻ


തേഞ്ഞിപ്പലം> കാലിക്കറ്റ് സർവകലാശാലയിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച താൽക്കാലിക  സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്ത ഭടൻ കൂടിയായ സുരക്ഷ ജീവനക്കാരൻ വള്ളിക്കുന്ന് അരിയല്ലൂർ പതിനെട്ടാം വീട്ടിൽ  മണികണ്ഠനെ (38) തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്‌തു. സ്‌കൂളിൽ നിന്ന് സർവകലാശാല വളപ്പിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന കേസിലാണ്  അറസ്റ്റ്. ജൂൺ 29നാണ് സംഭവം. കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ അകത്തുള്ള ആകാശപാത നിർമ്മാണം  നടന്ന വവ്വാൽ കാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥികളുടെ ചിത്രം സുരക്ഷാ ജീവനക്കാരനായ മണികണ്ഠൻ പകർത്തുകയും ശേഷം കൂട്ടത്തിലുണ്ടായിരുന്ന പ്ലസ് വണ്ണിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ മൊബൈൽ നമ്പറും വാങ്ങുകയും ആയിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്  ഫോണിൽ വിളിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ക്യാമ്പസിനകത്തേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ  പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്‌തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഢന വകുപ്പും ചേർക്കും. ആറു മാസമായി സൈനിക വെൽഫെയർ ബോർഡ് മുഖേനയാണ് ഇയാൾ കാലിക്കറ്റ് സർവ്വകലാശാലയിൽ ജോലി ചെയ്യുന്നത്. സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. മദ്രാസ് റെജിമെൻ്റ് സെൻ്ററിൽ നായിക്കായാണ് ഇയാൾ വിരമിച്ചത്.   Read on deshabhimani.com

Related News