മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു



കൊച്ചി> മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി (79)അന്തരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായിരുന്നു. രോഗബാധിതനായി കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം. 2011 മുതല്‍ 2016 വരെ അഡ്വക്കറ്റ് ജനറലായിരുന്നു. സിവില്‍, ഭരണഘടന, കമ്പനി, ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 1996 ഏപ്രില്‍ 11നു ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്ക് സ്ഥലംമാറ്റം വന്ന പശ്ചാത്തലത്തില്‍ ജഡ്ജി പദവി ഉപേക്ഷിച്ചു. 2006ല്‍ സീനിയര്‍ പദവി നല്‍കി ഹൈക്കോടതി ആദരിച്ചിരുന്നു. 1968 ൽ അഭിഭാഷകനായി എൻറോൾ ചെയ്ത അദ്ദേഹം അഡ്വ. എസ് ഈശര അയ്യരോടൊപ്പമാണ് പ്രാക്ടീസ് ആരംഭിച്ചത്. 1972ല്‍ ദണ്ഡപാണി അസോഷ്യേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനത്തിന് തുടക്കമിട്ടു. പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലീല ഗ്രൂപ്പ് ഓഫ് കമ്പനീസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ്, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി, തങ്ങൾ കുഞ്ഞ് മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം, മലബാർ തുടങ്ങി നിരവധി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നിയമോപദേശകനും സ്റ്റാൻഡിംഗ് കൗൺസലുമായിരുന്നു.കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. അഭിഭാഷകരുടെ ലോഗോ രൂപകല്‍പന ചെയ്തത് അദ്ദേഹമാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കള്‍: ഹൈകോടതി അഭിഭാഷകനായ മില്ലു, മിട്ടു (ആസ്‌ട്രേലിയ). Read on deshabhimani.com

Related News