അലൈൻമെന്റിന്റെ പേരിൽ വിവാദമുണ്ടാക്കാൻ മനോരമ ; അർധ അതിവേഗ റെയിൽ വൈകിപ്പിക്കാൻ നീക്കം



അർധ അതിവേഗ റെയിൽ (സിൽവർലൈൻ) പദ്ധതി, അലൈൻമെന്റിന്റെ പേരിൽ വിവാദമുണ്ടാക്കി വൈകിപ്പിക്കാൻ നീക്കം. അലൈൻമെന്റ്‌ മാറ്റാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചെന്ന തിങ്കളാഴ്‌ചത്തെ മനോരമ വാർത്ത ഇതിന്റെ ഭാഗമാണോയെന്ന സംശയം ശക്തമായി. കാസർകോടുമുതൽ തിരുവനന്തപുരംവരെ നാലു മണിക്കൂറിനുള്ളിൽ എത്താവുന്ന  പദ്ധതിയാണ്‌ സിൽവർലൈൻ. ഇതിനുള്ള കേന്ദ്ര അനുമതി വൈകുന്നത്‌ രാഷ്‌ട്രീയകാരണങ്ങളാലാണോയെന്ന സംശയം ഉയരുന്നതിനിടെയാണ്‌ മനോരമ വാർത്ത. 2020 ജൂലൈയിൽ റെയിൽവേ മന്ത്രാലത്തിനു സമർപ്പിച്ച വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) യിൽ അലൈൻമെന്റ്‌ മാറ്റമോ മറ്റു സംശയങ്ങളോ ബോർഡോ മന്ത്രാലയമോ ഇതുവരെ ഉന്നയിച്ചിട്ടുമില്ല. ഡിപിആർ പരിശോധിച്ച്‌ 2020 ജൂൺ 29ന്‌ റെയിൽവേ നിർമാണ വിഭാഗം കൊടുത്ത ഒരു ശുപാർശയാണ്‌ ദക്ഷിണ റെയിൽവേ നിർദേശമെന്നപേരിൽ മനോരമ മുഖ്യവാർത്തയാക്കിയത്‌.   ദക്ഷിണറെയിൽവേ ഇതുൾപ്പെടെ എല്ലാ ഉപവിഭാഗങ്ങളുടെയും ശുപാർശകൾ സെപ്‌തംബർ ഒമ്പതിന്‌ റെയിൽവേ മന്ത്രാലയത്തിനു സമർപ്പിച്ചതാണ്‌. 2019 ഡിസംബറിൽ മന്ത്രാലയം പദ്ധതി തത്വത്തിൽ അംഗീകരിച്ചു‌. എറണാകുളംമുതൽ തിരൂർവരെ പ്രത്യേക പാതയായും തിരൂർമുതൽ കാസർകോടുവരെ  നിലവിലുള്ള റെയിലിനു സമാന്തരമായുമാണ്‌ നിർദിഷ്‌ട അലൈൻമെന്റ്‌. ഡിപിആർ സമർപ്പിക്കുമ്പോൾ റെയിൽവേയുടെ എല്ലാ ഉപവകുപ്പുകളുടെയും ശുപാർശകളും അഭിപ്രായങ്ങളും വേണം. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത്‌ ഒന്നരക്കിലോമീറ്റർ ഭാഗത്തും തൃശൂർ റെയിൽവേ സ്‌റ്റേഷന്‌ അഭിമുഖമായും അതിവേഗ റെയിൽ സ്ഥാപിക്കുമ്പോൾ റെയിൽവേയുടെ നിർദിഷ്‌ട മൂന്ന്‌, നാല്‌ പാതകൾക്ക്‌ തടസ്സമാകാത്ത വിധമാകണം എന്നാണ്‌ കൺസ്‌ട്രക്‌ഷൻ ചീഫ്‌ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറുടെ ശുപാർശ. ഗെയിലും ദേശീയപാത വികസനവും ശബരി റെയിൽപ്പാതയും മേൽപ്പാലങ്ങളും തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിൽ വമ്പൻ കുതിച്ചുചാട്ടം സാധ്യമാക്കി എൽഡിഎഫ്‌ സർക്കാർ മുന്നേറുമ്പോൾ  സ്വപ്‌നപദ്ധതിയായ സിൽവർ ലൈൻ  വൈകിപ്പിക്കാൻ കഴിയുമോ എന്ന ശ്രമമാണ്‌ ഈ നീക്കത്തിനു പിന്നിലെന്നാണ്‌ സംശയം. നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല അലൈൻമെന്റ്‌ മാറ്റണമെന്നോ, ഡിപിആർ പുതുക്കണമെന്നോ ഒരു നിർദേശവും റെയിൽവേ ബോർഡിൽനിന്നോ ദക്ഷിണറെയിൽവേയിൽനിന്നോ ലഭിച്ചിട്ടില്ല. പദ്ധതിക്ക്‌ തത്വത്തിൽ അനുമതി ലഭിക്കുന്നതിന്‌ സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ടിനൊപ്പം സമർപ്പിച്ച അതേ അലൈൻമെന്റ്‌ തന്നെയാണ്‌ വിശദമായ പഠന റിപ്പോർട്ടിനൊപ്പവും (ഡിപിആർ) സമർപ്പിച്ചിട്ടുള്ളത്‌. ഇതു റെയിൽവേ മന്ത്രാലയം പരിഗണിക്കുകയാണ്‌. വി അജിത്‌കുമാർ എംഡി, കെ–-റെയിൽ Read on deshabhimani.com

Related News