അനുകൂല സാഹചര്യം വന്നാല്‍ സ്‌കൂള്‍ തുറക്കാം; അധ്യാപകരുടെ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു: മന്ത്രി ശിവന്‍കുട്ടി



തിരുവനന്തപുരം > അനുകൂല സാഹചര്യം വന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അതിന്റെ ഭാഗമായി അധ്യാപക നിയമനങ്ങള്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കി വരികയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 16 മാസക്കാലത്തിലേറെയായി കുട്ടികള്‍ വീടുകളിലാണ്. അത് അവര്‍ക്ക് ശീലമില്ലാത്ത കാര്യമാണ്. സംഘം ചേര്‍ന്ന് കളിയ്ക്കുമ്പോഴും ഇടപഴകുമ്പോഴുമാണ് വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയും വികാസവും ഉണ്ടാകുന്നത്. വീടുകളില്‍ ദീര്‍ഘകാലം കഴിഞ്ഞുകൂടേണ്ടിവന്ന കുട്ടികളുടെ ജീവിത രീതിയും ശീലങ്ങളും വലിയ തോതില്‍ മാറിയിട്ടുണ്ടാകും. സ്‌കൂള്‍ തുറന്നുകഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വൈകാരികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ കുട്ടികളേയും തിരിച്ച് സ്‌കൂളിലെത്തിക്കുക എന്ന വെല്ലുവിളി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളടക്കം നേതൃത്വത്തില്‍ ജനകീയ സഹകരണത്തോടെ ഏറ്റെടുക്കും. കുട്ടികള്‍ക്ക് സാധാരണ ക്ലാസ്സുകള്‍ ഇല്ലാത്തിനാല്‍ ഉണ്ടാകാനിടയുള്ള പഠന വിടവ് പരിഹരിക്കുന്നതിനാവശ്യമായ പിന്തുണ വിദ്യാഭ്യാസ വകുപ്പിലെ ഏജന്‍സികളുടെ കൂട്ടായ്മയില്‍ നല്‍കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.   Read on deshabhimani.com

Related News