സ്കൂൾ തുറക്കാൻ വിപുലപദ്ധതി ; തയ്യാറെടുപ്പ്‌ ഒക്ടോബർ പതിനഞ്ചിനകം



തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന്‌ ചേരും. എത്ര വിദ്യാർഥികളെ ക്ലാസിലിരുത്താം, കോവിഡ്‌ പ്രതിരോധം ഉറപ്പാക്കാൻ എന്തുചെയ്യണം തുടങ്ങിയവയും ചർച്ച ചെയ്യും. ആരോഗ്യം, പൊലീസ്‌, തദ്ദേശം തുടങ്ങിയ വകുപ്പുകളുമായി ആലോചിച്ച്‌ പ്രാഥമിക നിർദേശം മന്ത്രി യോഗത്തിൽ അവതരിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജുമായും പ്രാഥമിക ചർച്ച നടത്തി. തീരുമാനം ഒക്ടോബർ 15നു മുമ്പ്  മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുന്നൊരുക്കത്തിന്‌ പൊതുജനപിന്തുണയും അഭ്യർഥിച്ചിട്ടുണ്ട്‌. സംസ്ഥാന–- ജില്ലാ തലങ്ങളിലും യോഗം ചേരും. ആരോഗ്യവിദഗ്ധർ, കലക്ടർമാർ എന്നിവരുമായും ചർച്ച നടത്തും.  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുംവിധമുള്ള ക്രമീകരണമാണ് നടത്തുക. മാസ്ക്, സാനിറ്റൈസർ, സാമൂഹ്യ അകലം എന്നിവ ഉറപ്പിക്കലും കുട്ടികൾ യാത്ര ചെയ്യുന്ന വാഹനങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുന്നതാകും ക്രമീകരണം. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചു തന്നെയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമവാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News