തിരികെ സ്‌കൂളിലേക്ക് ; ബയോബബിൾ സുരക്ഷ , ബെഞ്ചിൽ 2 കുട്ടികൾ , ക്ലാസിൽ പകുതി കുട്ടികൾവരെ



തിരുവനന്തപുരം മഹാമാരിയെ മറികടന്ന്‌ വിദ്യാർഥികൾ ‘തിരികെ സ്‌കൂളിലേക്ക്‌’. നവംബർ ഒന്നിന്‌ വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി സർക്കാർ ജാഗ്രത കർശനമാക്കി. ബയോ ബബിൾ(ഒരുപ്രത്യേക സ്ഥലത്തെ കോവിഡ്‌ സുരക്ഷാരീതി) മാതൃകയിലായിരിക്കും ക്ലാസുകളെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. രാവിലെ 10 മുതൽ ഒന്നുവരെയാണ്‌ ക്ലാസ്‌. ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും നവംബർ ഒന്നിന്‌  ആരംഭിക്കും. 15 മുതൽ മറ്റു ക്ലാസുകളും തുടങ്ങും.  ഉച്ചഭക്ഷണം നൽകും. വീട്ടിൽനിന്ന്‌ ഭക്ഷണം കൊണ്ടുവരുന്നവർ പങ്കിടാൻ പാടില്ല. ബാച്ചുകളായിട്ടായിരിക്കും പഠനം. പകുതി കുട്ടികളെവരെ ക്ലാസിലിരുത്താം. ഒരു ബഞ്ചിൽ രണ്ടുപേർമാത്രം. രക്ഷകർത്താക്കളുടെ സമ്മതത്തോടെയേ സ്‌കൂളുകളിൽ എത്താവൂ. ഒരു ബാച്ചിലുള്ള കുട്ടികൾ മറ്റ്‌ ബാച്ചുകളുമായി ഇടപഴകാതിരിക്കാൻ ജാഗ്രത പുലർത്തും. ഒരാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചാൽ ആ ബാച്ചിലെ എല്ലാവരും സമ്പർക്കവിലക്കിൽ പോകണം. മറ്റു ബാച്ചുകൾക്ക്‌ ക്ലാസ്‌ തുടരും. ഓരോന്നിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്‌കൂളുകളിൽ രണ്ട് ദിവസം) സ്‌കൂളിൽ എത്താനുള്ള അവസരം ഒരുക്കണം. ഒരു ബാച്ചിലെ വിദ്യാർഥി  അതേ ബാച്ചിൽ തുടരണം. ഒരു പ്രദേശത്തെ കുട്ടികളെ  ഒരു ബാച്ചിൽ ഉൾപ്പെടുത്തും. ആദ്യ രണ്ടാഴ്ചയ്‌ക്കുശേഷം ക്ലാസുകൾ വൈകിട്ടുവരെയാക്കുന്നത്‌ പരിശോധിക്കും. പൊതുഅവധി ഒഴികെ ശനിയാഴ്ച ക്ലാസുണ്ടാകും. ആയിരം കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ  കുട്ടികളുടെ 25 ശതമാനം  ഒരു സമയം എത്തിയാൽ മതി. എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ  ബാച്ച് ക്രമീകരണം നിർബന്ധമല്ല.ഭിന്നശേഷി വിദ്യാർഥികൾ ആദ്യഘട്ടത്തിലെത്തണ്ട. രക്ഷിതാക്കൾക്ക്‌ സ്‌കൂളിൽ പ്രവേശനമില്ല.   സ്‌കൂൾ ജീവനക്കാർക്കും സമീപവാസികൾക്കും വ്യാപാരികൾക്കും രണ്ട്‌ ഡോസ്‌ വാക്‌സിൻ നിർബന്ധം. സ്‌കൂൾ തുറക്കുംമുമ്പ്‌ പുതിയ അക്കാദമിക്‌ കലണ്ടർ പ്രസിദ്ധീകരിക്കും–- ‘തിരികെ സ്‌കൂളിലേക്ക്‌’ മാർഗരേഖ പുറത്തിറക്കി മന്ത്രിമാർ പറഞ്ഞു. Read on deshabhimani.com

Related News