സ്‌കൂൾ വാഹനങ്ങൾക്ക്‌ മാർഗരേഖ ; ഒരു സീറ്റിൽ ഒരു വിദ്യാർഥിമാത്രം



തിരുവനന്തപുരം സ്‌കൂൾ വാഹനത്തിൽ ഒരു സീറ്റിൽ ഒരു വിദ്യാർഥി മാത്രമേ പാടുള്ളൂവെന്ന്‌ മോട്ടോർ വാഹനവകുപ്പ്. കോവിഡ്‌ സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ വകുപ്പ്‌ പുറത്തിറക്കി. ഡ്രൈവർമാരടക്കമുള്ള വാഹനത്തിലെ ജീവനക്കാർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാകണം. ഇവരുടെ താപനില ദിവസവും പരിശോധിക്കണം. ആവശ്യമെങ്കിൽ വിദ്യാർഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ്‌ ആരംഭിക്കും. കൺസഷൻ അടുത്ത ദിവസം തീരുമാനിക്കും. വിദ്യാർഥികളെ എത്തിക്കാനായി മറ്റ് കോൺട്രാക്ട്‌ ക്യാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയ്‌ക്കും ഈ നിർദേശം ബാധകമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വാഹനങ്ങൾ പരിശോധിക്കും സ്കൂൾ വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി പരിശോധിക്കും. പരിശോധന വിജയകരമായി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സ്റ്റുഡന്റ്‌സ് ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോകോൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും.  സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കണം. ഒക്ടോബർ 20നകം പരിശോധന പൂർത്തിയാക്കുമെന്ന്‌ മന്ത്രി ആന്റണി രാജു അറിയിച്ചു. പരിശോധന പൂർത്തിയാക്കി പരീക്ഷണ ഓട്ടത്തിനുശേഷമേ വാഹനം ഉപയോഗിക്കാവൂ.പ്രോട്ടോകോൾ കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസ്‌ പ്രിൻസിപ്പൽ എം ലീനയ്‌ക്ക്‌ നൽകി മന്ത്രി പ്രകാശിപ്പിച്ചു. Read on deshabhimani.com

Related News