ലോട്ടറി മാഫിയ പരാമർശം ; സാന്റിയാഗോ മാർട്ടിനോട്‌ മാപ്പ്‌ പറയാമെന്ന്‌ മാതൃഭൂമി



ന്യൂഡൽഹി സ്വകാര്യ ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിനോട്‌ മാപ്പ്‌ പറയാൻ തയ്യാറാണെന്ന്‌ മാതൃഭൂമി പത്രം. തന്നെ ‘ലോട്ടറി മാഫിയ’ എന്ന്‌ വിശേഷിപ്പിച്ച മാതൃഭൂമി വാർത്തയ്ക്ക് എതിരെ മാർട്ടിൻ നൽകിയ അപകീർത്തി കേസിലെ നടപടികൾ അവസാനിപ്പിക്കാൻ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്ന്‌ മാതൃഭൂമിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ‘മാഫിയ’ പോലെ പത്രം നടത്തിയ വിശേഷണപ്രയോഗങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ ജസ്‌റ്റിസ്‌ സഞ്‌ജയ്‌കിഷൻകൗൾ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു. ഖേദപ്രകടനവും വിശദീകരണക്കുറിപ്പും പത്രത്തിന്റെ ഒന്നാംപേജിൽ പ്രാധാന്യത്തോടെ നൽകാൻ നിർദേശിക്കണമെന്ന്‌ മാർട്ടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അര്യാമസുന്ദരം ആവശ്യപ്പെട്ടു. എന്നാൽ, ഖേദം പ്രകടിപ്പിക്കാൻ സമ്മർദം ചെലുത്തുന്നില്ലെന്ന്‌ കോടതി പ്രതികരിച്ചു.  വിഷയം പരിഹരിക്കുമെന്ന്‌ മാതൃഭൂമി അഭിഭാഷകൻ അറിയിച്ചതായി കോടതി താൽക്കാലികഉത്തരവിൽ പറഞ്ഞു. മുൻ ധനമന്ത്രി തോമസ്‌ ഐസക്കിനെ ഉദ്ധരിച്ചാണ്‌ വാർത്ത നൽകിയതെന്ന്‌ മാതൃഭൂമിയുടെ അഭിഭാഷകൻ കോടതിയിൽ അവകാശപ്പെട്ടു. മറ്റൊരാൾ പറഞ്ഞ കാര്യം വാർത്തയിൽ ആവർത്തിച്ചതാണെന്ന പത്രത്തിന്റെ വാദം നിലനിൽക്കില്ലെന്ന്‌ അര്യാമസുന്ദരം വാദിച്ചു. പുസ്‌തകം പ്രസിദ്ധീകരിച്ച പ്രസാധകന്‌ അതിൽ പറയുന്ന കാര്യങ്ങൾ എഴുത്തുകാരന്റെ ഉത്തരവാദിത്വമാണെന്ന്‌ പറയാം. എന്നാൽ, പത്രങ്ങളുടെ കാര്യത്തിൽ പബ്ലിഷർക്കും എഡിറ്റർക്കും ആ ആനുകൂല്യം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭൂമി വാർത്ത അപകീർത്തികരമാണെന്ന്‌ ആരോപിച്ചാണ്‌ സാന്റിയാഗോ മാർട്ടിൻ കേസ്‌ നൽകിയത്‌. ഗ്യാങ്‌ടോക്ക്‌ മജിസ്‌ട്രേട്ട്‌ സമൻസ്‌ പുറപ്പെടുവിച്ചതിനു പിന്നാലെ കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാതൃഭൂമി സിക്കിം ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഒമ്പതിന്‌ കേസിൽ വാദംകേൾക്കൽ തുടരും. Read on deshabhimani.com

Related News