സ്വവർഗ വിവാഹം: സംഘപരിവാറിനൊപ്പം ചേർന്ന്‌ ജമാഅത്തെ ഇസ്ലാമി



കോഴിക്കോട്‌ > സ്വവർഗ വിവാഹത്തിന്‌ നിയമസാധുത നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഭരണാഘടനാ ബെഞ്ച്‌ പരിഗണിക്കാനിരിക്കെ സംഘപരിവാരത്തെ പിന്തുണച്ച്‌ ജമാഅത്തെ ഇസ്ലാമി. ആർഎസ്‌എസുമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നടത്തിയ രഹസ്യചർച്ച‌ക്ക്‌ പിന്നാലെയാണ്‌ സംഘപരിവാരത്തിനുള്ള പരസ്യപിന്തുണ.   ഹർജികളിൽ കേന്ദ്രസർക്കാർ ഉന്നയിച്ച വാദങ്ങളെ അതേക്കാൾ ശക്തമായി പിന്തുണക്കുന്നതാണ്‌ ജമാഅത്തെ ഇസ്ലാമി മുഖപത്രമായ മാധ്യമം വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച മുഖപ്രസംഗം. ‘സ്വവർഗ വിവാഹം: കോടതി തന്നെ തീർപ്പാക്കുമോ’ എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗം വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന സംഘപരിവാര നിലപാടുകളെ എല്ലാ അർഥത്തിലും പിന്തുണക്കുന്നതാണ്‌.   വ്യത്യസ്‌ത മതരാഷ്‌ട്ര വാദം ഉയർത്തുമ്പോഴും സ്വവർഗാനുരാഗം, ട്രാൻസ്‌ജെൻഡർ, ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഒരേ നിലപാടാണ്‌ ഇരുസംഘടനകൾക്കും. പാർലമെന്റിന്റെ നിയമനിർമാണ പരിധിയിൽ വരുന്ന വിഷയത്തിൽ കോടതി ഇടപെടുകയാണെന്ന കേന്ദ്രസർക്കാർ നിലപാടിനെ വിധേയത്വത്തോടെ പിന്തുണക്കുകയാണ്‌ ജമാഅത്തെ ഇസ്ലാമിയും മുഖപത്രവും.   സ്വവർഗവിവാഹത്തിന്‌ നിയമപരമായ അനുമതി നൽകരുതെന്നാണ്‌ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്‌. ഇന്ത്യൻ കുടുംബസങ്കൽപ്പത്തിനും സംസ്‌കാരത്തിനും ചേരുന്നതല്ലെന്ന വാദമാണ്‌ കേന്ദ്രം കോടതിയിൽ ഉന്നയിച്ചത്‌. ഇതേ നിലപാടാണ്‌ മാധ്യമം മുഖപ്രസംഗവും ആവർത്തിക്കുന്നത്‌. അടിസ്ഥാനപരമായി വിവാഹം എന്നത്‌ പുരുഷനും സ്‌ത്രീയും തമ്മിലുള്ള ബന്ധമാണെന്ന്‌ സുവിദിതമായിരിക്കെ അല്ലാത്ത കൂട്ടുജീവിതത്തെ വിവാഹത്തിന്റെ മേൽക്കുപ്പായം ധരിപ്പിക്കരുതെന്ന്‌ മാധ്യമം പറയുന്നു.   ഈ വിഷയത്തിലെ നിയമനിർമാണം കോടതി സ്വന്തം നിലയിൽ തീർപ്പാക്കുന്നത്‌ ശരിയല്ലെന്നാണ്‌ മുഖപ്രസംഗത്തിന്റെ കാതൽ.  ഭരണഘടനാ ബെഞ്ച്‌ വിധിപറയുന്നതിലെ യുക്തിയേയും ചോദ്യംചെയ്യുന്നു. അമിതാധികാര വാഴ്‌ച നടത്തുന്ന ബിജെപി സർക്കാരിനെ പിന്തുണക്കുന്നതിൽ ജമാഅത്തെ ഇസ്ലാമിയുടെ തകിടം മറിച്ചിലിന്റെ വ്യക്തമായ സൂചനകളുമുണ്ട്‌ മുഖപ്രസംഗത്തിൽ. Read on deshabhimani.com

Related News