സന്ദീപ്‌ നായരുടെ മോചനം ; വെളിപ്പെട്ടത്‌ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയം

ജയിൽമോചിതനായ സന്ദീപ് നായർ 
കാറിൽ മടങ്ങുന്നു


തിരുവനന്തപുരം നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത്‌ നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ്‌ നായർ ജയിൽ മോചിതനായി. കോഫെപോസ പ്രകാരമുള്ള ഒരു വർഷത്തെ തടങ്കൽ അവസാനിച്ചതിനെ തുടർന്നാണ്‌ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന്‌ സന്ദീപ്‌ നായർ പുറത്തിറങ്ങിയത്‌. കസ്‌റ്റംസ്‌, ഇഡി കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ സന്ദീപ്‌ നായർക്ക്‌ ജാമ്യം ലഭിച്ചെങ്കിലും പിന്നീട്‌ മാപ്പുസാക്ഷിയാക്കി മാറ്റി. സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസും ഡോളർ കടത്ത്‌, കള്ളപ്പണ കേസുകളിൽ ഇഡിയുമാണ്‌ പ്രതിചേർത്തത്‌. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വപ്‌ന സുരേഷ്‌, സരിത്ത്‌, സന്ദീപ്‌ നായർ എന്നിവരടങ്ങുന്ന സംഘം യുഎഇ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരുടെ സഹായത്തോടെ വൻ സ്വർണക്കടത്ത്‌ നടത്തിയെന്നാണ്‌ കേസ്‌. സ്വപ്‌നയുടെ കോഫെപോസ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി. എൻഐഎ കേസിൽ ജാമ്യം കിട്ടാത്തതിനാൽ ജയിൽ മോചിതയായില്ല. സരിത് കോഫെപോസ കരുതൽ തടങ്കലിലാണ്‌. കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരിൽനിന്ന്‌ മൊഴി എടുക്കാൻപോലും ഇതുവരെ കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല. കസ്‌റ്റംസിന്റെയും ഇഡിയുടെയും കേസിൽ മുഖ്യപ്രതിയായ സന്ദീപ്‌ നായർ എൻഐഎ കേസിൽ മാപ്പുസാക്ഷിയായതും ദുരൂഹമാണ്‌. കോൺസുൽ ജനറലും അറ്റാഷെയും പ്രതികളുമല്ല. കസ്‌റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം നിലച്ചിട്ട്‌ മാസങ്ങളായി. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി വൻ പ്രചാരണം അഴിച്ചുവിട്ട കേന്ദ്ര ഏജൻസികൾ നിയമസഭാ തെരഞ്ഞെടുപ്പോടെ പിൻവാങ്ങി. മുഖ്യസൂത്രധാരനെന്ന്‌ കരുതുന്ന ഫൈസൽ ഫരീദിനെ പോലും ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ല. രാഷ്‌ട്രീയ ലക്ഷ്യത്തോടെ നീങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതികൾ കോടതിയിൽ നൽകിയ പരാതിയും നിലവിലുണ്ട്‌. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര്‌ പറയാൻ ഇഡി സമ്മർദം ചെലുത്തുന്നതായി സന്ദീപ്‌ നായർ കൊച്ചിയിലെ പ്രത്യേക കോടതിയിൽ രേഖാമൂലം പരാതി നൽകിയിരുന്നു. Read on deshabhimani.com

Related News