ബിജെപി വിളമ്പുന്നു; മാധ്യമങ്ങൾ നടന്നുവിൽക്കുന്നു ; വ്യക്തിവിരോധമെന്ന പ്രതികളുടെ പ്രതികരണത്തിൽ മാത്രം കടിച്ചുതൂങ്ങി നുണപ്രചാരണം



തിരുവല്ല സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌കുമാറിനെ വധിച്ചത്‌ വ്യക്തിവിരോധമാണെന്ന്‌ വിശ്വസിപ്പിക്കാൻ വീണ്ടും മാധ്യമ തറവേല. കൊലയാളികളുടെ പ്രതികരണം മാത്രം നൽകിയാണ്‌ മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ വലതുപക്ഷ മാധ്യമങ്ങൾ സംഘപരിവാറിനെ വെള്ളപൂശാൻ പെരുംകള്ളം പ്രചരിപ്പിക്കുന്നത്‌.  ഒറ്റയ്‌ക്ക്‌ ഇരിക്കുകയായിരുന്ന യുവാവിനെ അഞ്ചുപേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി വളഞ്ഞിട്ട്‌ ആക്രമിച്ചത്‌ സ്വയംരക്ഷയ്‌ക്കാണെന്ന വാദവും ഈ പത്രങ്ങൾ അതേപടി പ്രസിദ്ധീകരിച്ചു. സിപിഐ എമ്മിന്റെ ലോക്കൽ സെക്രട്ടറിയോട്‌ പ്രദേശത്തെ ബിജെപി നേതാവിന്‌ രാഷ്‌ട്രീയമല്ലാതെ എന്ത്‌ വിരോധമാണ്‌ ഉണ്ടാകേണ്ടതെന്നാണ്‌ നാട്ടുകാരുടെ  ചോദ്യം. ഇവർ തമ്മിൽ ഇതിനു മുമ്പ്‌ വാക്കുതർക്കമോ കേസോ ഉണ്ടായിട്ടില്ല.  ഇവരുടെ വീടുകൾ തമ്മിൽ രണ്ട്‌ കിലോമീറ്ററോളം അകലം ഉണ്ട്‌. എന്താണ്‌ വ്യക്തിവിരോധമെന്ന്‌ ചോദിച്ചിട്ട് പറഞ്ഞില്ലെന്നാണ്‌ ഈ മാധ്യമങ്ങൾതന്നെ പറയുന്നത്‌. ഒരു വർഷം മുമ്പേ ബിജെപി വിട്ടുവെന്ന്‌ മുഖ്യപ്രതി പറഞ്ഞുവെന്നും വാർത്തയിലുണ്ട്‌. എന്നാൽ ജിഷ്‌ണു ഇപ്പോഴും സജീവ ബിജെപി പ്രവർത്തകനാണ്‌. യുവമോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റി അംഗമാണ്‌. അടുത്ത നാൾവരെ ഇതിന്റെ  പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്നു. അടുത്തിടെ അടൂരിൽ നടത്തിയ ബിജെപി സമരത്തിൽ പൊതുമുതൽ നശിപ്പിച്ചതിന്‌ കേസിൽപ്പെട്ട്‌ റിമാൻഡിലായിട്ടുമുണ്ട്‌. എന്താണ്‌ ബിജെപിക്ക്‌ സന്ദീപിനോടുള്ള വിരോധത്തിന്‌ കാരണമെന്നും വ്യക്തം. മൂന്നു പതിറ്റാണ്ടായി കോൺഗ്രസ്‌ ഭരിക്കുന്ന പെരിങ്ങര പഞ്ചായത്ത്‌  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുക്കുമെന്ന്‌ വലിയ പ്രചാരണം ഉണ്ടായി. എന്നാൽ എൽഡിഎഫ്‌ ഒമ്പത്‌ സീറ്റിൽ വിജയിച്ച്‌ ഭരണം പിടിച്ചു. ബിജെപിയുടെ കുതിപ്പിന്‌ തടയിട്ടത്‌ മുൻ പഞ്ചായത്ത്‌ അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന സന്ദീപ്‌ ഉൾപ്പടെയുള്ളവരുടെ പ്രവർത്തനമാണ്‌. സന്ദീപിന്റെ ജനകീയ അംഗീകാരം തങ്ങളുടെ വളർച്ചക്ക്‌ വിഘാതമാകുമെന്ന കണക്കുകൂട്ടലിലാണ്‌ കൊലപാതകം.  മറ്റ്‌ വിരോധമൊന്നും ബിജെപി പ്രവർത്തകന്‌ സിപിഐ എം ലോക്കൽ സെക്രട്ടറിയോട്‌ ഉണ്ടാകില്ലെന്ന്‌ സാമാന്യബുദ്ധിയുള്ളവർക്ക്‌ അറിയാം. Read on deshabhimani.com

Related News