ലീഗ്‌ നിലപാട്‌: സമസ്‌ത മുശാവറ നാളെ



കോഴിക്കോട്‌> സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പണ്ഡിതസഭ (മുശാവറ) യോഗം ബുധൻ കോഴിക്കോട്‌ ചേരും. കോഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌ (സിഐസി) യുമായി സമസ്‌‌തക്കുള്ള ഭിന്നത യോഗം ചർച്ച ചെയ്യും. പ്രശ്‌നം തീർക്കാൻ മുസ്ലിംലീഗ്‌ നേതൃത്വം കഴിഞ്ഞ ദിവസം അനുരഞ്ജന ചർച്ച നടത്തിയിരുന്നു. എന്നാൽ സിഐസിയിൽ പുതിയ ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിൽ അഭിപ്രായം മാനിക്കാതെ ചർച്ചക്ക്‌ പ്രസക്തിയില്ലെന്ന നിലപാടാണ്‌ സമസ്‌ത പ്രകടിപ്പിച്ചത്‌. തുടർന്ന്‌ ചൊവ്വാഴ്‌ച  സിഐസി സെനറ്റ്‌ അടിയന്തര യോഗം ചേർന്ന്‌ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്‌. ഇവയും മുശാവറ ചർച്ചചെയ്യും. പല ഘട്ടങ്ങളിൽ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌തങ്ങൾ  എടുത്ത സമീപനങ്ങളിൽ സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾക്കടക്കം നീരസമുണ്ട്‌. ലീഗ്‌ നേതൃത്വം തുടർച്ചയായി അവഗണിക്കുന്നതായ വികാരവും ശക്തമാണ്‌. സിഐസി വിഷയത്തിൽ ലീഗ്‌ ഇടപെട്ടുള്ള അനുരഞ്ജനത്തിന്‌ തയ്യാറാകും മുമ്പ്‌ മുശാവറയിൽ ഈ വിഷയങ്ങളെല്ലാം ഉയർന്നുവരും. കോഴിക്കോട്‌ ഫ്രാൻസിസ്‌ റോഡിലെ സമസ്‌ത ഓഫീസിൽ രാവിലെ 10 മണിക്കാണ്‌ മുശാവറ. Read on deshabhimani.com

Related News