വേദിയിൽ പെൺകുട്ടികളെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്‌ത തിരുത്തണം: ഡിവൈഎഫ്ഐ



തിരുവനന്തപുരം > വിദ്യാഭ്യാസ നേട്ടത്തിന് ഉപഹാരം വാങ്ങാൻ സ്റ്റേജിലേക്ക് കയറിയ പത്താം തരം വിദ്യാർത്ഥിനിയെ വിലക്കിയ പിന്തിരിപ്പൻ നിലപാട് സമസ്‌ത നേതൃത്വം തിരുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സമസ്‌ത നേതാവ് എം ടി അബ്‌ദുല്ല മുസ്ലിയാർ  മുസ്ലിം പെൺകുട്ടികൾ പൊതുരംഗത്ത് നിന്നും മാറി നിൽക്കണമെന്ന പിന്തിരിപ്പൻ ചിന്താഗതിയാണ് മുന്നോട്ട് വെക്കുന്നത്. സ്ത്രീകൾ ബഹിരാകാശം വരെ കീഴടക്കിയ ഒരു കാലത്ത് അവരെ മറയ്ക്കുള്ളിൽ ഇരുത്താനുള്ള ആഹ്വാനം പരിഹാസ്യവും അപരിഷ്‌കൃതവുമാണ്. പെൺകുട്ടികളെ വിലക്കിയ വേദിയിൽ സമസ്‌ത നേതാവിനോടൊപ്പം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ കൂടിയുണ്ടായിരുന്നു എന്നത് ആ പാർട്ടിയുടെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണ്. മുമ്പ് വനിതാ ലീഗ് നേതാവ് പൊതു വേദിയിൽ പ്രസംഗിക്കാൻ ശ്രമിച്ചപ്പോൾ അത് വിലക്കിയ മായിൻ ഹാജിയുടെ അഭിപ്രായം ശരി വെച്ചവരാണ് മുസ്ലിം ലീഗ് നേതൃത്വം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും ഏറെ മുന്നേറിയ മുസ്ലിം പെൺകുട്ടികൾ, സമരപോരാട്ടങ്ങളിൽ പോലും നേതൃത്വപരമായ പങ്കു വഹിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.മിടുക്കിയായ ഒരു പത്താം തരം ബാലികയ്ക്ക് കയറിക്കൂടാത്ത വേദികൾ നവോത്ഥാന കേരളമെന്ന പേരിന് തന്നെ കളങ്കമാണ്. പൗരത്വ നിയമ പ്രക്ഷോഭ കാലത്തും, ഈ കഴിഞ്ഞ ദിനങ്ങളിൽ ഡൽഹിയിൽ ബുൾഡോസർ രാജിന് മുന്നിലും വീറോടെ മുദ്രാവാക്യം വിളിച്ചു പൊരുതി നിൽക്കുന്ന അനേകം പെൺകുട്ടികളെ നമ്മൾ കണ്ടതാണ്. നമ്മൾ അവരെ ആവേശത്തോടെ അംഗീകരിച്ചതാണ്. നൊബേൽ സമ്മാനം നേടിയ മാലാലയെ പോലുള്ള പെൺകുട്ടികൾ ലോകത്തിന് തന്നെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. അവിടെയാണ് മത്സര വിജയം നേടിയ ഒരു പെൺകുട്ടിയെ പൊതുവേദിയിൽ വിലക്കുന്ന മതനേതൃത്വം അപഹാസ്യമാകുന്നത്. സ്ത്രീ വിരുദ്ധവും -അപരിഷകൃതവുമായ ഇത്തരം നടപടികൾ പുരോഗമന കേരളത്തിന് യോജിച്ചതല്ല. അത്തരം പിന്തിരിപ്പൻ ചിന്തകൾ തിരുത്താൻ മത-സംഘടനാ നേതൃത്വങ്ങൾ തന്നെ തയ്യാറാകണന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News