മത്സ്യത്തൊഴിലാളി ആനുകൂല്യം ആറുമാസത്തിനകം: മന്ത്രി സജി ചെറിയാൻ



കോഴിക്കോട് > മീൻപിടിത്തത്തിനിടെ അപകടത്തിൽപ്പെട്ടവർക്കും മരിച്ചവരുടെ ആശ്രിതർക്കുമുള്ള ആനുകൂല്യം ആറുമാസത്തിനകം കൊടുത്തുതീർക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വെസ്റ്റ്ഹിൽ സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2007 മുതൽ കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കുന്നുണ്ട്. തൊഴിലാളി മരിച്ച്  -15 വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കേസുണ്ട്. എല്ലാം ആറു മാസത്തിനുള്ളിൽ തീർപ്പാക്കും. ഇതിന്  ഫിഷറീസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. അല്ലാത്തവ കാരണസഹിതം മന്ത്രിക്ക് നേരിട്ട് സമർപ്പിക്കണം. പരിശോധിച്ച് നടപടിയെടുക്കും. രജിസ്ട്രേഷൻ, തിരിച്ചറിയൽ, ഇൻഷൂറൻസ് നിബന്ധനകൾ പാലിച്ചു മാത്രമേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാവൂ. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ലൈഫ് ഇൻഷൂറൻസിന്റെ മുഴുവൻ തുകയും സർക്കാർ അടയ്ക്കും. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിലും ഒരാൾക്കെങ്കിലും തൊഴിൽ നൽകുക എന്ന പദ്ധതി നടപ്പാക്കാനുള്ള  ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. Read on deshabhimani.com

Related News