ഡോ. സാബു അബ്ദുള്‍ഹമീദ് കണ്ണൂര്‍ സര്‍വകലാശാല പിവിസി



കണ്ണൂര്‍ > കണ്ണൂര്‍ സര്‍വകലാശാല പ്രോ-- വൈസ് ചാന്‍സലറായി ഡോ. സാബു അബ്ദുള്‍ഹമീദിനെ നിയമിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഡോ. പി ടി രവീന്ദ്രന്റെ ഒഴിവിലാണ് നിയമനം. സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍(ഐക്യുഎസി) ഡയറക്ടറും മൈക്രോബയോളജി വിഭാഗം പ്രൊഫസറുമായ ഡോ. സാബു അബ്ദുള്‍ഹമീദ് രാജ്യാന്തരതലത്തില്‍ അംഗീകാരം നേടിയ ശാസ്ത്രഗവേഷകനാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി. കൊച്ചി സര്‍വകലാശാലയില്‍നിന്നാണ് മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയത്. ഫ്രാന്‍സിലെ പോള്‍ സിസെയിന്‍ യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ സയന്റിസ്റ്റ് ഫെലോ ആയും അമേരിക്കയിലെ ജോര്‍ജിയ സര്‍വകലാശാല, ഹങ്കറിയിലെ ബുഡാപെസ്റ്റ് സാങ്കേതിക സര്‍വകലാശാല, മെക്സിക്കോയിലെ കോവില ഓട്ടോണമസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് സയന്റിസ്റ്റായും പ്രവര്‍ത്തിച്ചു. മെക്സിക്കോയിലെ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-- ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ വിസിറ്റിങ് പ്രൊഫസറാണ്. ബയോടെക് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മാളവ്യ മെമ്മോറിയല്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. നൂറോളം ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ചു. ക്യാന്‍സര്‍ മരുന്ന് ഗവേഷണത്തിന് അടുത്തിടെ ലഭിച്ചതുള്‍പ്പെടെ ആറ് പേറ്റന്റും സ്വന്തമായുണ്ട്. കേരള സര്‍വകലാശാല ബോട്ടണി വിഭാഗം മേധാവി ഡോ. ടി എസ് സ്വപ്നയാണ് ഭാര്യ. മകള്‍: ചാന്ദ്നി സാബു. Read on deshabhimani.com

Related News