വരുന്നു ശബരി​ഗിരിയില്‍ രണ്ടാം പവര്‍ഹൗസ്



‌പത്തനംതിട്ട> സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിൽ  രണ്ടാം പവർഹൗസ്‌ വരുന്നു.  200 മെ​ഗാവാട്ട് അധിക വൈദ്യുതി ഉൽപ്പാദന ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിശദ  പ്രോജക്ട്‌ റിപ്പോർട്ട്‌ തയാറാക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസിന്‌ (വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ്‌)  കരാർ നൽകി. ശബരിഗിരി എക്സ്റ്റെൻഷൻ സ്കീം എന്നാണ് പദ്ധതി അറിയപ്പെടുക. ഇത്‌ യാഥാർഥ്യമാകുന്നതോടെ ശബരിഗിരിയുടെ ശേഷി 340 മെഗാവാട്ടിൽ നിന്ന്‌ 600 മെഗാവാട്ടായി ഉയരും.       മഴക്കാലത്തിന് മുമ്പ് ജനുവരി മുതല്‍  ജൂണ്‍ വരെയും വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള അധിക വെള്ളം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. പവര്‍ഹൗസ് നിര്‍മാണത്തിന് അധികസ്ഥലവും വേണ്ട. സംസ്ഥാനത്ത്  ഇടുക്കി ജലവൈദ്യുതി പദ്ധതിയില്‍  രണ്ടാമത്തെ പവര്‍ഹൗസിന് ടെന്‍ഡര്‍ നടപടി പുരോ​ഗമിക്കുന്നു. രണ്ടാമത്തെ പവര്‍ഹൗസ് നിര്‍മാണമാണ് ശബരി​ഗിരിയിലേത്.  ഉയർന്ന തോതിൽ വൈദ്യുതി ഉപഭോ​ഗ സമയത്താണ് ശബരി​ഗിരിയിൽ നിന്നുള്ള വൈദ്യുതി ഉപയോ​ഗിക്കുക. 60 മെഗാവാട്ട്‌ വീതം ശേഷിയുള്ള രണ്ടും 55 മെഗാവാട്ട്‌ വീതം ശേഷിയുള്ള നാലും ജനറേറ്ററുകളാണ്‌ (340 മെഗാവാട്ട്) നിലവിൽ ഉള്ളത്‌. 1968ലാണ് ശബരി​ഗിരി പദ്ധതി കമീഷൻ ചെയ്തത്.  300 മെഗാവാട്ടായിരുന്നു അന്ന് ശേഷി. 2004, 2009 കാലഘട്ടത്തിൽ നടത്തിയ പുനരുദ്ധാരണത്തിലൂടെയാണ്‌ ഇത്‌ 340 മെഗാവാട്ടായി ഉയർന്നത്‌.   പമ്പാ നദിയിലാണ്‌ പ്രധാന റിസർവോയർ. മൂഴിയാറിലെ  പവർഹൗസിലേക്ക്‌ 5.138 കി.മീ നീളമുള്ള ടണലിലൂടെ വെള്ളം എത്തിച്ച്‌ 2.6 കി.മീ വീതം നീഉമുള്ള മൂന്ന്‌ പെൻസ്റ്റോക്കുകളിലൂടെയാണ് പവർഹൗസിൽ വെള്ളമെത്തിക്കുന്നത്‌. ശേഷി 1.96 ഇരട്ടി വർധിപ്പിച്ച്‌ 666 മെഗാവാട്ട്‌ വരെ ഉയർത്താൻ  സാധിക്കുമെന്ന് സിവിൽ ഇൻവെസ്റ്റിഗേഷൻ ചീഫ്‌ എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ  അടിസ്ഥാനത്തിലാണ്‌ വിപുലീകരണ പദ്ധതിക്ക് തുടക്കമാകുന്നത്. ആറ് ജനറേറ്റർ നിലവിലുള്ളതില്‍ രണ്ടെണ്ണത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. ഒന്ന് വാര്‍ഷിക അറ്റകുറ്റപ്പണിക്ക് വേണ്ടിയും മറ്റൊന്ന് കേട് വന്നിട്ടും.      പദ്ധതിയുടെ വാണിജ്യ സാധ്യതാ റിപ്പോർട്ട് ഒരുമാസത്തിനകം നൽകാനും നിര്‍ദേശിച്ചു.  പാരിസ്ഥിതിക ആഘാത വിലയിരുത്തൽ അടക്കം  വിശദ പദ്ധതി റിപ്പോർട്ട്  18 മാസത്തിനകം ലഭിക്കും. തുടര്‍ന്ന് മറ്റ് അനുമതി നേടുന്നതിന് ബന്ധപ്പെട്ട അധികൃതരെ സമീപിക്കും. Read on deshabhimani.com

Related News