ശബരിമല തീർഥാടനം: സൗകര്യങ്ങൾ ഏർപ്പെടുത്തി



കൊച്ചി മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന്‌ തീർഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചും സുരക്ഷാനടപടികളെക്കുറിച്ചും ശബരിമല സ്‌പെഷ്യൽ കമീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകി. തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനപാലനത്തിനും ഭീഷണികളുണ്ടായാൽ പ്രതിരോധനടപടികൾ സ്വീകരിക്കാനുമുള്ള നടപടികളും വിശദീകരിച്ചു. ഒരുക്കങ്ങളെക്കുറിച്ച്‌ വനംമേധാവി, പത്തനംതിട്ട കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ദേവസ്വം കമീഷണർ, കെഎസ്‌ആർടിസി എന്നിവർ 14ന്‌ റിപ്പോർട്ട്‌ നൽകണമെന്ന്‌ ദേവസ്വം ബെഞ്ച്‌  നിർദേശിച്ചു.  ശബരിമല തീർഥാടനത്തിന്‌ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുസംബന്ധിച്ച്‌ സ്വമേധയാ എടുത്ത കേസ്‌ പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ്‌ പി ജി അജിത്‌കുമാർ എന്നിവരടങ്ങുന്ന ബെഞ്ച്‌ നിർദേശം നൽകിയത്‌. സുരക്ഷാചുമതല എഡിജിപിക്ക്‌ പ്രകൃതിദുരന്തങ്ങൾക്ക്‌ സാധ്യതയുള്ള ദുർഘട വനപ്രദേശമായതിനാൽ പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചാണ്‌ സുരക്ഷ ഒരുക്കുന്നതെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി അറിയിച്ചതായി റിപ്പോർട്ടിലുണ്ട്‌. ചൊവ്വ മുതൽ 2023 ജനുവരി 20 വരെയുള്ള തീർഥാടനകാലത്തെ ആറുഘട്ടങ്ങളായി തിരിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാചുമതല. അദ്ദേഹം  ചീഫ്‌ പൊലീസ്‌ കോ–-ഓർഡിനേറ്ററും പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുമായിരിക്കും. സുരക്ഷയ്‌ക്ക്‌ 13,237 പൊലീസുകാർ ആറുഘട്ടങ്ങളിലായി 13,237 പൊലീസ്‌ ഉദ്യോഗസ്ഥരെ വിന്യസിക്കും. 7369 പേരെ സന്നിധാനത്തും 3215 പേരെ പമ്പയിലും 2653 പേരെ നിലക്കലും വിന്യസിക്കും. സന്നിധാനം, പമ്പ, നിലക്കൽ എന്നിവ മൂന്ന്‌ ഉപകേന്ദ്രങ്ങളാക്കി ഓരോന്നിനും ഓരോ എസ്‌പിയെ നിയോഗിക്കും. തിരക്ക്‌ നിയന്ത്രിക്കാൻ ആരംഭിച്ച വെർച്വൽ ക്യൂ നടപ്പാക്കാനും തീർഥാടകരുടെ സൂക്ഷ്മപരിശോധനയ്‌ക്കും പൊലീസ് സഹായം തുടരും. പമ്പയിൽ 10 മുതൽ 15 വരെ കേന്ദ്രങ്ങൾ ഇതിനായി തുറക്കും. ആദ്യഘട്ടത്തിൽ 300 കെഎസ്‌ആർടിസി ബസ്‌ കൂടുതൽ ബസുകൾ സർവീസ്‌ നടത്തുമെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. നിലക്കൽ–-പമ്പ ചെയിൻ സർവീസിന്‌ കൂടുതൽ ബസുകൾ നൽകി. ആദ്യഘട്ടത്തിൽ 40 എസി ലോ ഫ്ലോർ ബസുകളും 80 നോൺ എസി ബസുകളും അടക്കം മുന്നൂറും രണ്ടാംഘട്ടത്തിൽ അഞ്ഞൂറും മൂന്നാംഘട്ടത്തിൽ ആയിരവും ബസുകൾ സർവീസ്‌ നടത്തുമെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. Read on deshabhimani.com

Related News