ശബരിമല തിരുവാഭരണ ഘോഷയാത്ര തുടങ്ങി



പന്തളം ശബരിമല സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള  തിരുവാഭരണങ്ങൾ അടങ്ങിയ പേടകങ്ങളുമായി  പന്തളത്തുനിന്ന് ഘോഷയാത്ര ആരംഭിച്ചു.   പന്തളം രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ്മയുടെ നേതൃത്വത്തില്‍ ബുധന്‍ പകൽ ഒന്നിനാണ് വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്ന്‌ യാത്ര പുറപ്പെട്ടത്. പന്തളം കൊട്ടാരത്തിലെ മുതിർന്ന പ്രതിനിധി രേവതി നാൾ പി രാമവർമ്മ രാജ ഉടവാളുമായി ആദ്യം യാത്ര പുറപ്പെട്ടു. പിന്നാലെ ഗുരുസ്വാമി കളത്തിനാലിൽ ഗംഗാധരൻപിള്ള തിരുമുഖമടങ്ങുന്ന പ്രധാന പേടകം ശ്രീകോവിലിനു പുറത്തെത്തിച്ചതോടെ ഘോഷയാത്ര ആരംഭിച്ചു.  30 അംഗ സായുധ പൊലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിക്കുന്നു. ബുധൻ രാത്രി സംഘം   അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ചു. വ്യാഴം പകൽ യാത്രയ്ക്കുശേഷം ളാഹയില്‍ വനംവകുപ്പിന്റെ സത്രത്തിൽ വിശ്രമിക്കും. മകരവിളക്ക് ദിനമായ 14ന് ഘോഷയാത്ര  ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സന്നിധാനത്തേക്ക് ആനയിക്കും.  സന്നിധാനത്ത് മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്നു തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങും. തുടർന്ന് തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായൺ എംഎൽഎ, കലക്ടർ ദിവ്യാ എസ് അയ്യർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ.  കെ അനന്തഗോപൻ, അംഗം മനോജ് ചരളേൽ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News