ശബരിമല തീർഥാടകർക്ക്‌ ശുദ്ധജലം ഉറപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ



ശബരിമല> ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ ശുദ്ധജലമെത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തീർഥാടനത്തോട് അനുബന്ധിച്ച്‌ ജലവിഭവ വകുപ്പിന്റെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും പമ്പയിൽചേർന്ന അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു. വാട്ടർ ടാങ്കുകളിൽ വെള്ളം നിറയ്‌ക്കാൻ ഒമ്പത് ടാങ്കറിനുപുറമേ അഞ്ചുടാങ്കറുകൾകൂടി എത്തിക്കും. 40,000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കറുകളും എത്തിക്കും. ഏതുസമയവും ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പാക്കും. നിലയ്‌ക്കലെ ടാങ്കുകളിലേക്ക് പമ്പയിൽനിന്നും പ്ലാപ്പള്ളിയിലേക്ക് മഠത്തുംമൂട്ടിൽനിന്നും വെള്ളമെത്തിക്കും. വകുപ്പുകൾ ജാഗരൂകരായിരിക്കും. 181 കിയോസ്കുകളും 122 പൊതുടാപ്പുകളും സജ്ജമാണ്. നിലയ്‌ക്കലിൽ അഞ്ച് ശുചീകരണ പ്ലാന്റുകളും പമ്പയിൽ 11 പ്ലാന്റുകളും സജ്ജമാണ്. ജലസംഭരണികളിൽ പരമാവധി വെള്ളം സംഭരിക്കും. അപകടസാധ്യതയുള്ള കടവുകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും. നിലയ്‌ക്കൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ചൂടുവെള്ളവും പച്ചവെള്ളവും വിതരണംചെയ്യും. തീർഥാടകർക്ക്‌ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ പരിശോധന ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ, ശബരിമല എഡിഎം ടി ജി ഗോപകുമാർ, വകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News