മകരവിളക്ക്‌ തൊഴുത്‌ പതിനായിരങ്ങൾ



ശബരിമല പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തൊഴുത്‌ ഭക്തർ ശരണംവിളികളോടെ മലയിറങ്ങി. പ്രതീക്ഷിച്ചതിലും വലിയ ജനത്തിരക്കായിരുന്നു സന്നിധാനത്തും വ്യൂപോയിന്റുകളിലും. വെള്ളി രാവിലെ മുതൽ നടപ്പന്തലിൽ തിരക്കൊഴിഞ്ഞില്ല. മികച്ച സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ഒരുക്കിയതിനാൽ മുഴുവൻ പേർക്കും പ്രയാസമില്ലാതെ മകരവിളക്ക്‌ തൊഴുത്‌ മടങ്ങാനായി. പകൽ 2.29ന്‌ മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടന്നു. വൈകിട്ട് ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാര വാര്യരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്കാനയിച്ചു. പതിനെട്ടാംപടി കയറി കൊടിമര ചുവട്ടിലെത്തിയ ഘോഷയാത്രയെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, എംഎൽഎമാരായ പ്രമോദ്‌ നാരായൺ, അഡ്വ. കെ യു ജനീഷ്‌കുമാർ, ബോർഡ്‌ അംഗങ്ങളായ പി എം തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവർ സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. ശ്രീകോവിലിന് മുന്നിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി ശ്രീകോവിലിൽ എത്തിച്ച് ചാർത്തി ദീപാരാധന നടത്തി. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിച്ചു. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര വിതരണവും രാവിലെ നടന്നു. മന്ത്രി കെ രാധാകൃഷ്‌ണനിൽനിന്ന്‌ സംഗീതജ്‌ഞൻ ആലപ്പി രംഗനാഥ്‌ പുരസ്‌കാരം ഏറ്റുവാങ്ങി. വീരമണി രാജുവും ആലപ്പി രംഗനാഥും അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി. Read on deshabhimani.com

Related News