മകരവിളക്ക്‌ കണ്ടിറങ്ങി ലക്ഷങ്ങൾ

സന്നിധാനത്ത് നിന്ന്, പൊന്നമ്പലമേട്ടില്‍ തെളിയിച്ച മകരവിളക്ക് തൊഴുന്ന തീര്‍ത്ഥാടകര്‍ -ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍


ശബരിമല> പൊന്നമ്പലമേടിന്റെ നെറുകയിൽ മകരവിളക്കിന്റെ നയനമനോഹര കാഴ്‌ച സമ്മാനിച്ച്‌ ശബരിമല മകരവിളക്ക്‌ ഉത്സവത്തിന്‌ പരിസമാപ്‌തി. ദിവസങ്ങളോളം സന്നിധാനത്തും കാനനപാതകളിലും കാത്തുനിന്ന ലക്ഷോപലക്ഷം തീർഥാടകർക്ക്‌ മകരവിളക്ക്‌ സ്വപ്നസാഫല്യമായി. സ്വർണാഭരണ വിഭൂഷിതമായ അയ്യപ്പ വിഗ്രഹം കാണാനും തീർഥാടകർ തിക്കിത്തിരക്കി.  സന്നിധാനത്തും വിവിധയിടങ്ങളിലുമായി കാത്തുനിന്ന തീർഥാടകർ പുലർച്ചെയോടെ മലയിറങ്ങി. ശനി പുലർച്ചെ മൂന്നിന്‌ നടതുറന്നു. പതിവ്‌ ചടങ്ങുകൾക്കുശേഷം പകൽ 1.30ന്‌ അടച്ച നട വൈകിട്ട് അഞ്ചിന് തുറന്നു. തുടർന്ന് അയ്യപ്പസന്നിധിയിൽനിന്ന് പ്രത്യേകം പൂജിച്ച മാലകൾനൽകി തന്ത്രി കണ്ഠര് രാജിവര് തിരുവാഭരണം സ്വീകരിക്കാൻ ദേവസ്വം അധികൃതരെ ശരംകുത്തിയിലേക്ക് യാത്രയാക്കി. തിരുവാഭരണംവഹിച്ചുള്ള ഘോഷയാത്ര കാനനപാതകൾ താണ്ടി അഞ്ചരയോടെ ശരംകുത്തിയിലെത്തി. ദേവസ്വം ബോർഡ്‌ പ്രതിനിധികൾ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, എക്സിക്യൂട്ടീവ്‌ ഓഫീസർ എച്ച്‌ കൃഷ്ണകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഘോഷയാത്രയെ സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. തന്ത്രിയും മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയുംചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. ആറരയോടെ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. വൈകിട്ട്‌ 6.45 ഓടെയായിരുന്നു  മകരവിളക്ക്‌ ദർശനം.  ദീപാരാധനയ്ക്കുശേഷം അയ്യപ്പവിഗ്രഹത്തിൽനിന്ന്‌ തിരുവാഭരണം അഴിച്ചശേഷം സംക്രമ പൂജ നടന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന്‌ എത്തിച്ച നെയ്യാണ് അഭിഷേകംചെയ്തത്. സംക്രമ പൂജയും സംക്രമാഭിഷേകവും പൂർത്തിയാക്കി വിഗ്രഹത്തിൽ വീണ്ടും തിരുവാഭരണം ചാർത്തി. തുടർന്നുള്ള ദർശനത്തിന്‌ വൻ തീർഥാടകതിരക്കും അനുഭവപ്പെട്ടു. 10.50ന്‌ ഹരിവരാസനംപാടി 11ന്‌ നടയടച്ചു. Read on deshabhimani.com

Related News