ശബരിമല വിമാനത്താവളം മുൻഗണനാ പട്ടികയിൽപ്പെടുത്തി നടപ്പിലാക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം> ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന സാധ്യതാ പഠനം നടത്തുന്നതിന് കെ്‌സ്‌ഐഡിസി(KSIDC )യെ ചുമതലപ്പെടുത്തുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായി മുന്‍ ത്രിപുര ചീഫ് സെക്രട്ടറിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന വി. തുളസീദാസിനെ നിയമിച്ചിട്ടുണ്ടെന്നും ഡോ. എൻ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്റേഷനെ പദ്ധതിക്കായി തെരഞ്ഞെടുത്തു. നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തുന്നതിനായി ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.  ആ കണ്‍സള്‍ട്ടന്റ് സമര്‍പ്പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്‌. വിശദാംശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തേടിയിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് മറുപടി നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. വിമാനത്താവള നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡി.പി.ആര്‍ തയ്യാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി KSIDC യെ ആണ് ചുമതലപ്പെടുത്തുയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ടെന്ന്‌  മുഖ്യമന്ത്രിക്കുവേണ്ടി ദേവസ്വം  മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി Read on deshabhimani.com

Related News